മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
“ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.
“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.
Leave a Reply