തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളം ഇതിനകം പൂരിപ്പിച്ചു കിട്ടിയതായി തിരഞ്ഞെടുപ്പ് വകുപ്പ് അറിയിച്ചു. കരട് വോട്ടർപട്ടിക ഈ മാസം 23-ന് പ്രസിദ്ധീകരിക്കും.
ഇതിനിടെ 25 ലക്ഷത്തിലേറെ പേരെ കണ്ടെത്താനായിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുടെ സഹായത്തോടെ ഇവരെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെത്താനാകാത്തവരുടെ പേരുകൾ കരട് പട്ടികയിൽ ഉൾപ്പെടില്ല. എന്നാൽ, ഫോം പൂരിപ്പിച്ചു നൽകിയ എല്ലാവരുടെയും പേരുകൾ കരട് വോട്ടർപട്ടികയിൽ ഉണ്ടാകുമെന്നും അധികൃതർ ഉറപ്പു നൽകി.
വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. വ്യാഴാഴ്ച ബിഎൽഎമാർക്ക് അപേക്ഷകൾ ഒരുമിച്ചു നൽകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഒരു ബിഎൽഎയ്ക്ക് 50 അപേക്ഷകൾക്കുമേൽ നൽകാൻ പാടില്ല; കരട് പട്ടിക പുറത്തിറങ്ങിയശേഷം ഇത് പ്രതിദിനം 10 ആയി ചുരുക്കുമെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply