ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ ചിങ്ങവനം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച യുവാവിന്റെ മാതാപിതാക്കളും ഭാര്യവീട്ടുകാരും കടുത്ത ആരോപണ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ കെ.എ. സക്കറിയയുടെയും സൂസമ്മയുടെയും മകനായ ടോണി സക്കറിയെയാണ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണമടഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ .
എന്നാൽ ഭാര്യയുടെ മാനസിക പീഡനം മൂലം യുവാവ് ജീവനൊടുക്കുകയായിരുന്നു എന്ന ആരോപണവുമായി ടോണിയുടെ മാതാപിതാക്കൾ രംഗത്തുവന്നു. ടോണിയുടെ ഭാര്യ ജിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി യുവാവിന്റെ ഇടപെടലുകൾ ടോണിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളാണ് മാതാപിതാക്കളും ബന്ധുക്കളും പങ്കുവയ്ക്കുന്നത്. ടോണിയുടെ രണ്ടു സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും യുകെയിൽ തന്നെയാണ് ഉള്ളത് .മരണത്തെ കുറിച്ച് തങ്ങൾക്കുള്ള സംശയങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ടോണിയുടെ ബന്ധുക്കൾ അറിയിച്ചു.
യുവാവിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി ടോണിയുടെ ഭാര്യ ജിയയുടെ മാതാപിതാക്കളും സഹോദരിയും ഇന്നലെ കോട്ടയത്ത് പത്രസമ്മേളനം നടത്തിയത് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകാൻ കാരണമായി. മരിച്ച യുവാവ് തുടക്കം മുതൽ സംശയരോഗത്തിന് അടിമയായിരുന്നു എന്നാണ് ഭാര്യ വീട്ടുകാർ പ്രധാനമായും ആരോപിച്ചത്. വീടും സ്ഥലവും വിറ്റാണ് യുകെയിൽ അയക്കാൻ പണം കണ്ടെത്തിയതെന്ന അവകാശവാദവും വസ്തുത വിരുദ്ധമാണെന്ന് ജിയയുടെ വീട്ടുകാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്. ടോണിയുടെ മരണം പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു.
ഇതിനിടെ മരണമടഞ്ഞ ടോണിയുടെ പൊതു ദർശനം ഡിസംബർ 5 – ന് ഹൊണിറ്റണിലെ ഹോളി ഫാമിലി ചർച്ചിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ടോണിയുടെ ഒപ്പം ജോലി ചെയ്തിരുന്നവർ, സുഹൃത്തുക്കൾ, വിവിധ മലയാളി അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്.
Leave a Reply