ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിലമ്പൂർ 139, മേപ്പാടി സിഎച്ച്സി 132, വിംസ് 12, വൈത്തിരി 1, ബത്തേരി 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്.
ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേഗം കൈവരിക്കും.
രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയാക്കും. ചാലിയാർ പുഴയുടെ ഉൾ വനത്തിൽ കൂടുതൽ ഭാഗങ്ങളിൽ ഇന്ന് തിരച്ചിൽ നടത്തും.
നിലമ്പൂർ പോത്തുകല്ലിൽ നിന്ന് 15 കിലോമീറ്റർ വനഭാഗം കഴിഞ്ഞാൽ തമിഴ്നാട് അതിർത്തിയാണ്. തമിഴ്നാട് അതിർത്തി കടന്നും തിരച്ചിൽ നടത്താനും തീരുമാനമായിട്ടുണ്ട്. വനം വകുപ്പ് ആണ് തിരച്ചിൽ നടത്തുന്നത്. ചാലിയാറിന്റെ പോഷക നദികൾ കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും സംഘങ്ങൾ ആയി തിരിഞ്ഞു ഇന്ന് തിരച്ചിൽ നടത്തുന്നു. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയിൽനിന്ന് കൂടുതൽ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് ടീമുകൾ വയനാട്ടിലേക്ക് തിരിച്ചു. 69 അംഗ ടീമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാവുക.
Leave a Reply