ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു
Leave a Reply