ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ എത്താനൊരുങ്ങുന്നു. ചിത്രം താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ചതായി തീർന്നുവെന്നും, പ്രേക്ഷകശ്രദ്ധ നേടുന്ന വലിയ വിജയമായിരിക്കും ‘റേച്ചൽ’ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിനയൻ പറഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരെക്കാൾ അധികം വരുമാനം ഹണി റോസ് ഒരു വർഷത്തെ ഉദ്ഘാടനങ്ങളിലൂടെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“റേച്ചൽ എന്നെ അത്യന്തം അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു . ഹണി റോസ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. വളരെ സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന, കഠിനാധ്വാനത്തോടെ പിറന്ന ഒരു സിനിമയാണ് ഇത്. ഇത്തരത്തിൽ ആത്മാർത്ഥമായി നിർമ്മിച്ച ചിത്രങ്ങൾക്ക് ഭാവിയിൽ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്,” വിനയൻ പറഞ്ഞു. ഹണി റോസുമായുള്ള ആദ്യ പരിചയവും അദ്ദേഹം ഓർത്തെടുത്തു. 2002-03 കാലത്ത് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹണിയുടെ അച്ഛൻ അവരെ നായികയാക്കണമെന്ന ആഗ്രഹവുമായി എത്തുകയായിരുന്നു. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്ത് പ്രവേശിച്ചത്.
ചെറിയ ബജറ്റിൽ പിറന്ന സിനിമകൾ വൻവിജയം നേടുമ്പോഴാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനയൻ പറഞ്ഞു. “35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും മൂന്നര കോടി രൂപ കളക്ട് ചെയ്ത കാലം ഇന്നും മറക്കാനാവില്ല. അതുപോലെ തന്നെ റേച്ചലും ഒരു വലിയ വിജയം കൈവരിക്കട്ടെ,” എന്നാണ് അദ്ദേഹത്തിന്റെ ആശംസ.











Leave a Reply