യു.കെ.യില്‍ കെയറര്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പില്‍നിന്ന് കണ്ണൂര്‍ എ.സി.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. സ്ഥാപനം പോലീസ് പൂട്ടി.

കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്. യു.കെ.യില്‍ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍നിന്നായി 11 പരാതികള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒന്‍പതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി.

പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുഭാഷ് ബാബു, എസ്.ഐ.മാരായ പി.പി.ഷമീല്‍, സവ്യ സച്ചി, അജയന്‍ എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ പിന്‍വലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താന്‍ പോലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.