കളര്‍കോടിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തിന് ഇടയാക്കിയത് നാല് കാരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടവേര വാഹനം ഓടിച്ചയാള്‍ 5 മാസം മുമ്പാണ് ലൈലന്‍സ് എടുത്തത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയായിരുന്നു വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.