വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം. അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍, ഭാര്യ പത്മാവതി എന്നിവരാണ് അജ്ഞാത സംഘത്തിന്റെ മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്തും പത്മാവതി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

റോഡില്‍ നിന്നും മാറി വിജനമായൊരു പ്രദേശത്തായിരുന്നു ഇവരുടെ വീട്. മുകള്‍ നിലയിലൂടെയാണ് പ്രതികള്‍ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് സൂചന. മുകള്‍ നിലയിലൂടെ വീട്ടിലേക്ക് പ്രവേശിച്ച് ഇരുട്ടാകുന്നത് വരെ വീടിന്റെ മുകളിലത്തെ നിലയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയായതോടെ താഴെയിറങ്ങി ഇരുവരെയും അക്രമിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മോഷണ ശ്രമമാണെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഘം ദമ്പതികളെ ആക്രമിച്ചത്. കേശവന്‍ നായര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചെങ്കിലും പത്മാവതി ഇന്ന് രാവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷിപ്പെട്ടിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ നേരിട്ട് കണ്ട ഇരുവരും മരണപ്പെട്ടതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു മരണപ്പെട്ട കേശവന്‍ മാസ്റ്റര്‍.

മരണപ്പെട്ട ദമ്പതികളുടെ ബന്ധുവും അയല്‍വാസിയും പൊലീസുകാരനുമായ അജിത് എന്നയാളാണ് കരച്ചില്‍ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത്. എന്നാല്‍ ഇയാള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ഈ സമയത്ത് കേശവന്‍ മാസ്റ്റര്‍ മരണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പത്മാവതിയമ്മ ഇയാളോട് പറഞ്ഞത് രണ്ട് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ്.

കേശവന്‍ മാസ്റ്റര്‍ക്ക് നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് ആഴത്തില്‍ കുത്തേറ്റിട്ടുള്ളത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത് എന്ന് അജിത് പറയുന്നു. ഇത് മാത്രമാണ് അക്രമികളെ കുറിച്ചുള്ള ഏക വിവരം. പിന്നീട് പത്മാവതിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവ്യക്തമായിരുന്നു എന്നാണ് അജിത് പറയുന്നത്.

ഇരുനില വീട്ടില്‍ വൃദ്ധ ദമ്പതികള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആളൊഴിഞ്ഞ വിജനമായൊരു പ്രദേശത്താണ് വീട്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇതില്‍ മഹേഷ് എന്ന മകന്‍ മാനന്തവാടിയിലും മുരളി എന്ന മകന്‍ കോഴിക്കോടും ഏക മകള്‍ മിനിജ ഭര്‍ത്താവിന്റെ വീട്ടിലുമാണ് താമസം. മോഷണ ശ്രമമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത് എങ്കിലും വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതൊന്നും കാണാതായിട്ടില്ല എന്നതും ദുരൂഹതയുണര്‍ത്തുന്നു.