മലപ്പുറം കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുംകിയാന പാപ്പാനെ ആക്രമിച്ചത്.
പാപ്പാൻ ചന്തുവിനെ ആന എടുത്തെറിയുകയായിരുന്നു. ഉടൻ തന്നെ ചന്തുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയിൽ തെരച്ചിൽ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.
പരിക്കേറ്റ പാപ്പാൻ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും നിലവിൽ ഐസിയുവിലാണെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ പറഞ്ഞു. കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. പുതിയ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകൾ കൂടി ഇന്ന് സ്ഥാപിക്കും. മൂന്നാമത്തെ കൂടും ഇന്ന് സ്ഥാപിക്കും. കടുവയെ ലോക്കേറ്റ് ചെയ്തശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുക. കുങ്കിയാനകളുടെ ആരോഗ്യ നില ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് ദൗത്യത്തിന് ഉപയോഗിക്കുക.പാപ്പാൻ അഭയ് കൃഷ്ണയ്ക്കാണ് (ചന്തു )പരിക്കേറ്റതെന്നും ഡിഎഫ്ഒ പറഞ്ഞു.
Leave a Reply