മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് (ഇ.ഡി.). ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.
കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ.ഡി.യും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.
Leave a Reply