സ്വന്തം ലേഖകൻ
ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന് ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.
ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ് പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.
തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.
തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.
ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .
ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..
ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Very good
Very good 👍 keep it up