അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.6 കോടി രൂപ) മലയാളിക്ക്. അജ്മാനിലെ അൽഹുദ ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈൻ മുഴിപ്പുറത്താണ് കോടിപതിയായത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നുവെന്നും 27 വർഷമായി യുഎഇയിലുള്ള തനിക്ക് ദൈവം തന്ന റിട്ടയർമെന്റ് സമ്മാനമാണിതെന്നും അസ്സൈൻ  പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യംകൂടെ വന്നത്.

സമ്മാനം ലഭിച്ച വിവരം ഭാര്യ ഷരീഫയെ വിളിച്ചറിയിച്ചെങ്കിലും തമാശയായാണ് അവർ കരുതിയത്. വയനാട്ടിൽ എൻജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈൻ, എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈൻ എന്നിവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് പ്രഥമ പരിഗണന. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടിൽ സ്വന്തമായൊരു ബിസിനസ് അതാണ് മനസിലെ പദ്ധതി, അസ്സൈൻ വിശദീകരിച്ചു.

20–ാം വയസിൽ സൂപ്പർമാർക്കറ്റിൽ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെത്തിയതു മുതൽ ജീവകാരുണ്യ പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാണ്. പിന്നീട് ലൈസൻസെടുത്ത് ഡ്രൈവറായി ജോലി മാറി. ഈ ബേക്കറിയിൽ 20 വർഷത്തിലേറെയായി. കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന 3000 ദിർഹത്തിലും ഒരു വിഹിതം ജീവകാരുണ്യത്തിന് മാറ്റിവയ്ക്കാറുണ്ട്. അതിനിയും തുടരുമെന്നും സൂചിപ്പിച്ചു.

ആകെയുള്ള ഏഴു സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാർ: ശ്രീഹർഷ പ്രഭാകർ (100,000 ദിർഹം), ഷജീന്ദ്ര ദാസ് (60,000 ദിർഹം), ഗോകുൽദേവ് വാസുദേവൻ (50,000 ദിർഹം). രണ്ട് പാക്കിസ്ഥാൻ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവർ.