ഹൈദരാബാദ്: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ 18 വയസ്സിൽ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂർത്തിയായി.
ആയിരത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ അടുത്തയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ.) നൽകുമെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു. സെപ്റ്റംബറിൽ 3.5 കോടി ഡോസ് കോവാക്സിനാണ് വിതരണംചെയ്തത്. ഒക്ടോബറിൽ 5.5 കോടി ഡോസ് നൽകാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കമ്പനി ഉത്പാദിപ്പിക്കുന്ന മൂക്കിലൂടെ നൽകാനാവുന്ന വാക്സിന്റെ രണ്ടാംഘട്ടപരീക്ഷണം അടുത്തമാസത്തോടെയുണ്ടാകുമെന്നും കൃഷ്ണ എല്ല അറിയിച്ചു. വൈറസ് പ്രവേശിക്കുന്ന മൂക്കിൽവെച്ചുതന്നെ അതിനെ പ്രതിരോധിക്കുകയാണ് ഈ വാക്സിന്റെ രീതി. മൂന്നുതരത്തിലായിരിക്കും ഇതിന്റെ പരീക്ഷണം. ഒന്നാമത്തേതിൽ ആദ്യഡോസായി കോവാക്സിനും രണ്ടാംഡോസായി മൂക്കിലൂടെയുള്ള വാക്സിനും നൽകും. രണ്ടാമത്തെ രീതിയിൽ രണ്ടുഡോസും മൂക്കിലൂടെയുള്ള വാക്സിൻതന്നെ നൽകും. മൂന്നാമത്തേതിൽ ആദ്യം മൂക്കിലൂടെയുള്ള വാക്സിനും രണ്ടാമത് കോവാക്സിനും നൽകും. 28 ദിവസത്തെ ഇടവേളയിലായിരിക്കും ഓരോ ഡോസും നൽകുന്നത്. 650 പേരെ മൂന്നുസംഘങ്ങളായി തിരിച്ചാകും പരീക്ഷണം.
Leave a Reply