ഇറ്റലിയിൽനിന്ന് എത്തിയ കൊറോണ വൈറസ് കുടുംബവുമായി നേരിട്ടു സന്പർക്കത്തിൽ ഏർപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറാണു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സന്പർക്കത്തിൽ ഏർപ്പെട്ടത് ഇദ്ദേഹമാണ്. പത്തനംതിട്ട എസ്പി ഓഫീസിൽ എത്തിയപ്പോഴാണു കുടുംബവുമായി പോലീസ് ഉദ്യോഗസ്ഥനു സന്പർക്കം പുലർത്തേണ്ടിവന്നത്.
ഇറ്റലി കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ചശേഷം തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, ഇറ്റലിയിൽനിന്നു വന്ന കുടുംബം കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.
സംസ്ഥാനത്ത് എട്ടു പേർക്കുകൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഇവരിൽ 14 പേരാണു ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞമാസം രോഗം ബാധിച്ച മൂന്നു പേർ സുഖം പ്രാപിച്ചിരുന്നു. അവർക്ക് ഇപ്പോൾ രോഗമില്ല. സംസ്ഥാനത്ത് 1495 പേര് നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയവരുമായി നേരിട്ടു സന്പർക്കം പുലർത്തിയ ആറു പേർക്ക് തിങ്കളാഴ്ച രാത്രി രോഗം സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, ഇറ്റലിയിൽനിന്നെത്തിയവരെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ പോയ കോട്ടയം സ്വദേശികൾ, ഇറ്റലിയിൽനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയ റാന്നി സ്വദേശികളായ മറ്റു രണ്ടുപേർ എന്നിവർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ രോഗബാധിതനായ മൂന്നുവയസുള്ള കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പരിശോധനാ സൗകര്യം
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും പരിശോധനാ സംവിധാനം ഒരുക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി വൈറസ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ജോലി നോക്കുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
കൂടുതൽ പേർ വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും. സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോരാ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണം.
മറച്ചുവയ്ക്കരുത്.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന കാര്യം മറച്ചുവയ്ക്കുന്നവർക്കെതിരേ നിയമനടപടികളിലേക്കു സർക്കാർ നീങ്ങും. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽ പെടുത്തുമെന്നതാണ് മുന്നിലുള്ള അനുഭവമെന്നും ഇറ്റലിയിൽനിന്നു വന്ന മൂന്നു പേർ വിവരം മറച്ചുവച്ചതിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരാശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടുമെന്നും കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply