വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുയോജ്യമായ തീയതി കണ്ടെത്തിയാല്‍ അടുത്ത വര്‍ഷം പാപ്പ ഭാരത സന്ദര്‍ശനം നടത്തുമെന്നു സൂചനയുണ്ട്. നിലവില്‍ പാപ്പയുടെ അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ കാനഡ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സന്ദര്‍ശനം നടന്നാല്‍ പാപ്പ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവിച്ചു.
മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തിയെന്നും മോദി ട്വീറ്റ് ചെയ്തു. വിവിധ സമയങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിബിസിഐ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി.
2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് – മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഒടുവില്‍ സഭയുടെയും രാജ്യത്തെ വിശ്വാസികളുടെയും ദീര്‍ഘമായ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ടാണ് മോദി പാപ്പയെ ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വത്തിക്കാനിൽ 12-ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ച സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി. 21 വര്‍ഷം മുൻപ് 2000-ത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്.
Leave a Reply