സ്ഥാനാർഥിനിർണയത്തിലെ തർക്കത്തെത്തുടർന്ന് പാർട്ടിയെ പിളർത്തി മാണി സി.കാപ്പൻ പാലായിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചശേഷവും എൻസിപിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും മാണി സി. കാപ്പനോടാണ് അടുപ്പം എന്നതാണ് അലോസരത്തിന് ഇടയാക്കുന്നത്. ഇതേത്തുടർന്നാണ് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തുറന്ന പോരിലേക്കെത്തിയത്.
പാലായിൽ മാണി സി. കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്ന നിലയിൽ ടി.പി. പീതാംബരൻ നടത്തിയ പ്രതികരണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിയിൽനിന്ന് വിട്ടുപോയ മാണി സി.കാപ്പനുവേണ്ടി ടി.പി. പീതാംബരൻ നടത്തിയ നീക്കം പാർട്ടിവിരുദ്ധമാണെന്ന് പരസ്യപ്രസ്താവനയിറക്കിയാണ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഇതിനെ പ്രതിരോധിച്ചത്. ഇതോടെ പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറിക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, മറ്റൊരു ജനറൽസെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവരും ടി.പി. പീതാംബരനെതിരേ അണിനിരന്നിട്ടുണ്ട്.
എൻസിപിയുടെ ഏക മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ജില്ലാ കമ്മിറ്റികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആരാകും എൻസിപി മന്ത്രിയെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനും കുട്ടനാടിൽനിന്നു വിജയിച്ച തോമസ് കെ. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. മന്ത്രിപദവിക്കുള്ള അവകാശവാദം തോമസ് കെ.തോമസ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
പാർട്ടിയിലെ സീനിയോറിറ്റിയും മന്ത്രിയെന്ന നിലയിലുള്ള അനുഭവപരിചയവുമാണ് ശശീന്ദ്രന്റെ തുരുപ്പുചീട്ട്. പാർട്ടിയെ ഇടതുമുന്നണിയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചനിലയിൽ ഇടതുമുന്നണിയിൽനിന്നുള്ള പിന്തുണയും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു.
പാർട്ടിവിട്ട് പുറത്തുപോയെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മാണി സി. കാപ്പൻ മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ സന്ദർശിച്ചതാണ് മറ്റൊരു കൗതുകകരമായ നീക്കം.
പവാറിന്റെ മകളും എൻസിപി പാർലമെന്ററി പാർട്ടി നേതാവുമായ സുപ്രിയ സുലേയോടൊപ്പമുള്ള ചിത്രം പുറത്തുവിടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ ആശീർവാദത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം. മാണി സി. കാപ്പൻ എൻസിപിയിലേക്ക് തിരിച്ചെത്തുമെന്നും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കുമെന്നും ഇവർ ഭയപ്പെടുന്നു.
Leave a Reply