കല്‍പറ്റ: മുണ്ടക്കൈ–ചുരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. 25ന് വൈകുന്നേരം നാലിന് കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കുകയും ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. 410 വീടുകളുള്ള ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടമായി 178 വീടുകളാണ് പൂര്‍ത്തിയായത്.

ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. ഏകദേശം 1000 ചതുരശ്രയടിയിലായി ഒറ്റനില കെട്ടിടങ്ങളായി നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ ഭാവിയില്‍ ഇരുനിലയാക്കി വികസിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകല്‍പന. പ്രധാന കിടപ്പുമുറി ഉള്‍പ്പെടെ മൂന്ന് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുള്‍പ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൗണ്‍ഷിപ്പിലെ 410 വീടുകളിലായി 1662ല്‍ അധികം അംഗങ്ങള്‍ താമസിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീടുകള്‍ക്കൊപ്പം പൊതു റോഡ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും സജ്ജമാക്കുന്നു. ലബോറട്ടറി, ഫാര്‍മസി, പരിശോധന–വാക്‌സിനേഷന്‍ സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, കടകളും സ്റ്റാളുകളും ഉള്‍പ്പെട്ട മാര്‍ക്കറ്റ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സൗകര്യങ്ങളുടെ ഭാഗമാകും. പദ്ധതിക്കായി 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്; 2025 മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ യാഥാര്‍ഥ്യമായി. ചടങ്ങില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.