തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനങ്ങളും പദവികളില്‍ ഇളക്കിപ്രതിഷ്‌ഠയും പൂര്‍ത്തിയാക്കിയ സി.പി.എമ്മിനെ വെട്ടിലാക്കി പി. ജയരാജന്റെ പ്രതിഷേധവും ഇ.പി. ജയരാജന്റെ പ്രഖ്യാപനവും. സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നയം മറന്ന്, മുസ്ലിം ലീഗ് ഉള്‍പ്പെടെ യു.ഡി.എഫിലെ കക്ഷികള്‍ക്കു പച്ചക്കൊടി കാട്ടിയാണു പുതിയ മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ സ്‌ഥാനലബ്‌ധി ആഘോഷിച്ചത്.
വിഗ്രഹവത്‌കരണ വിവാദത്തിന്റെ പേരില്‍ മൂലയ്‌യ്‌ക്ക് ഒതുക്കപ്പെട്ടപ്പോഴും അച്ചടക്കം മറക്കാതിരുന്ന പി. ജയരാജനാകട്ടെ, കളങ്കിതനായി പാര്‍ട്ടിക്കു പുറത്തുപോയ പി. ശശിയുടെ മടങ്ങിവരവില്‍ പൊട്ടിത്തെറിക്കുകതന്നെ ചെയ്‌തു. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയ തീരുമാനത്തെയാണു പി.ജെ സംസ്‌ഥാനസമിതിയില്‍ ചോദ്യംചെയ്‌തത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വാതുറക്കുമ്പോഴൊക്കെ വിവാദങ്ങള്‍ക്കു വഴിമരുന്നിടാറുള്ള ഇ.പി. ജയരാജന്‍ പുതിയ സ്‌ഥാനലബ്‌ധിയിലും പതിവുതെറ്റിച്ചില്ല. എല്‍.ഡി.എഫ്. വിപുലീകരിക്കുന്നതിനാണു പ്രഥമപരിഗണനയെന്നു വ്യക്‌തമാക്കിയ അദ്ദേഹം മുസ്ലിം ലീഗിനു പരോക്ഷമായി സ്വാഗതമോതി.
സംസ്‌ഥാനസമ്മേളന നിലപാടിനെപ്പോലും മറികടന്നാണ് ഇ.പിയുടെ പ്രസ്‌താവനയെന്നതാണു സി.പി.എമ്മിനെ വിഷമിപ്പിക്കുന്നത്. മുന്നണി വിപുലീകരണം അജന്‍ഡയിലില്ലെന്നും ആര്‍.എസ്.പിയും ലീഗും ഉള്‍പ്പെടെ പുതിയ കക്ഷികളെ പരിഗണിക്കുന്നില്ലെന്നുമാണു സമ്മേളനത്തോടനുബന്ധിച്ച് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്‌തമാക്കിയത്. അതിനു വിരുദ്ധമായ ഇ.പിയുടെ പ്രഖ്യാപനം ഘടകകക്ഷികള്‍ക്കിടയിലും മുറുമുറുപ്പുയര്‍ത്തി.
ലീഗിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കം ബി.ജെ.പിക്കു വളമാകുമെന്നതാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ വികാരം. ഇ.പിയുടെ പ്രസ്‌താവനയോടു ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അത്തരത്തില്‍ പ്രതികരിക്കുകയും ചെയ്‌തു. എസ്.ഡി.പി.ഐ. വോട്ടിനെ തള്ളിപ്പറയാന്‍ ഇ.പി. തയാറാകാത്തതും മുന്നണിയെ വെട്ടിലാക്കി.
അതേസമയം, വിഭാഗീയതയെല്ലാം അമര്‍ച്ചചെയ്‌ത്, നിലവില്‍ തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത സി.പി.എമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണു കണ്ണൂരിലെ കരുത്തനായ പി. ജയരാജന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതാണ് ഏറെനാളായി സംയമനം പാലിച്ചിരുന്ന പി.ജെയെ ചൊടിപ്പിച്ചത്. കമ്മിറ്റികളില്‍ പേരിനു ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമെതിരേ പാര്‍ട്ടിയില്‍ ശബ്‌ദമുയരുന്നത് ഒരു പതിറ്റാണ്ടിനിടെ ആദ്യമാണ്. ശശിയുടെ നിയമനം തന്റെകൂടി സമ്മതത്തോടെയാണെന്നു പി. ജയരാജന്‍ ഇന്നലെ വിശദീകരിച്ചെങ്കിലും സംസ്‌ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ത്തിയതു നിഷേധിച്ചില്ല.
Leave a Reply