യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് അമേരിക്കയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് അവസാനഫലത്തിന്റെ കൃത്യമായ സൂചന ആയിക്കൊള്ളണമെന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാരണം പരമ്പരാഗതമായി ഏത് പാര്‍ട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത് ആ സ്ഥിതി തന്നെ തുടരുന്നുവെന്നാണ് പ്രാഥമികഫലം തരുന്ന സൂചന. അതുകൊണ്ട് തന്നെ സ്വിങ് സ്റ്റേറ്റസ് തന്നെയാകും ഇക്കുറിയും വിജയിയെ തീരുമാനിക്കുക.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഫ്‌ളോറിഡ, ടെക്‌സസ്‌, ഇന്ത്യാന, കെന്റക്കി സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായ വെര്‍മോണ്ട്, വാഷിങ്ടണ്‍, കലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ കമലയ്ക്കുമൊപ്പമാണ്. തുടര്‍ച്ചയായ മൂന്നാം തിരഞ്ഞെടുപ്പിലും ടെക്‌സസിലെ നാല്‍പ്പത് ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപ് ഉറപ്പാക്കികഴിഞ്ഞു. ഒഹിയോയിലെ 17 വോട്ടുകളും ട്രംപിന് അനുകൂലമാകും. അതേസമയം ന്യൂയോര്‍ക്കിലെ 28 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍സിന്റെ കോട്ടയായ ഫ്ളോറിഡയിലും ട്രംപ് തുടക്കം മുതല്‍ മുന്നേറുന്ന കാഴ്ചയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തവണയും നിര്‍ണായകമാകുക സ്വിങ് സ്റ്റേറ്റ്‌സ് എന്ന് അറിയപ്പെടുന്ന ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) വോട്ടുകളായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കരോലിന ഒഴികെ ആറ് സംസ്ഥാനങ്ങളും ജോ ബൈഡനൊപ്പമാണ് നിലയുറപ്പിച്ചത്. ഇത്തവണ പെന്‍സില്‍വാനിയയില്‍ ട്രംപ് മുന്‍തൂക്കം നേടിയിട്ടുണ്ട്. 19 ഇലക്ടറല്‍ വോട്ടുകളുണ്ട് പെന്‍സില്‍വാനിയയില്‍. ജോര്‍ജിയയിലും ട്രംപിനാണ് ലീഡ്. ഇവിടെ 66 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ജോര്‍ജിയ ട്രംപിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണുള്ളത്. 16 വോട്ടുകളുള്ള ജോര്‍ജിയ പിടിക്കാനായാല്‍ അത് റിപ്പബ്ലിക്കന്‍സിന് ഏറെ നിര്‍ണായകമാകും. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗണിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്. ഈ സ്വിങ് സ്റ്റേറ്റുകളിലെ സൂചനകള്‍ ഇതേ നില തുടര്‍ന്നാല്‍ ട്രംപിന് തിരിച്ചുവരവിനുള്ള സാധ്യതകള്‍ തെളിയും.

അതേസമയം ഇല്ലിനോയിയിലെ 19 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ്. ന്യൂജേഴ്‌സിയിലെ 14 വോട്ടുകളും കമലയ്ക്ക് ലഭിച്ചു.