ന്യൂസ് ഡെസ്ക് . മലയാളം യുകെ
കെട്ടിലും മട്ടിലും ഘടനയിലും ഉള്ളടക്കത്തിലും തികച്ചും വ്യത്യസ്തമായ ഒരു ആധ്യാത്മികാനുഭവത്തിനാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ താഴത്തു വടകര ലൂർദ് മാതാ ദേവാലയം സാക്ഷ്യം വഹിച്ചത്.
അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂറുമേനി രണ്ടാംഘട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോൺസൺ തുണ്ടിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക് ശേഷം സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വിമൻസ് ഫോറം സ്ഥാപക പ്രസിഡന്റും പാസ്റ്ററൽ കൗൺസിൽ ജോയിൻറ് സെക്രട്ടറിയുമായ മിസ്സിസ് ജോളി മാത്യു നിർവ്വഹിച്ചു .
മതബോധന അധ്യാപകരും സിസ്റ്റേഴ്സുമുൾപ്പെടെ നൂറ് കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു.
ക്രിസ്തുരാജാ തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ 180 ഓളം വരുന്ന 1 മുതൽ 12 വരെയുള്ള മതബോധന ക്ലാസിലെ കൗമാരക്കാരുടെ ഒരു ദിവസം തന്നെയായിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലേത്. ചട്ടയും മുണ്ടും നേര്യതും കൊന്തയും വെന്തിങ്ങായും ധരിച്ച പെൺകുട്ടികളും വെള്ള ഷർട്ടും മുണ്ടും ധരിച്ച ആൺകുട്ടികളുടെയും വസ്ത്രധാരണരീതി നസ്രാണി പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. അന്നേ ദിവസം ദേവാലയത്തിൽ നടന്ന എല്ലാ തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകിയത് ഈ കൗമാരക്കാർ ആയിരുന്നു എന്നത് വേറിട്ട അനുഭവമായിരുന്നു. ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ആഘോഷപൂർണ്ണമായ പ്രദിക്ഷണത്തിനും ശേഷം പള്ളിയങ്കണത്തിൽ വച്ച് കാലിക പ്രസക്തിയേറെയുള്ള ഒരു വിഷയത്തെ ആസ്പദമാക്കി ഒരു പഠന കളരിയും നടത്തുകയുണ്ടായി.
കൗമാരക്കാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും എങ്ങനെ ബുദ്ധിയുടെയും ആധ്യാത്മികതയുടെയും വൈകാരികതയുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ നേരിടാൻ കഴിയും എന്ന വിഷയത്തെ സമഗ്രമായി അവതരിപ്പിച്ചത് ജോളി മാത്യു കുട്ടികൾക്ക് ക്ലാസെടുത്തു .
രൂഢമൂലമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിൻറെ അടിത്തറയായ ദൈവവചനത്തിന്റെയും ശക്തിയാൽ ഒരു ജീവിതചര്യ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകത അവർ വ്യക്തമാക്കി. കുടുംബവും സഭയും സമൂഹവും ഒന്നുചേർന്ന് വിശ്വാസത്തിന്റെയും വചനത്തിന്റെയും പിൻബലത്തിൽ കരു പിടിപ്പിച്ചെടുത്ത് പരിപോഷിപ്പിക്കുന്ന ഒരു യുവതലമുറയ്ക്ക് ഏത് വെല്ലുവിളിയെയും പ്രതിസന്ധികളെയും നേരിടാൻ കഴിയും എന്ന് അടിവരയിട്ട് സൂചിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളോടെ ചടങ്ങുകൾ അവസാനിച്ചു.
Leave a Reply