കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുൻ ന്യൂസീലൻഡ് താരം. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡ് ജഴ്സിയിൽ കളിച്ചിരുന്ന നീൽ ഒബ്രീനാണ് കുടുംബത്തിന്റെ അടുത്തെത്താൻ വിമാന ടിക്കറ്റിന് പണം േതടി പുതിയൊരു തന്ത്രം പയറ്റുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ന്യൂസീലൻഡിൽ കുടുങ്ങിപ്പോയ ഒബ്രീന്, വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്കു തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കയ്യിലുള്ള പണവും തീർന്നതോടെയാണ് ഇംഗ്ലണ്ടിലേക്കു മടങ്ങാൻ ‘ക്രൗഡ് ഫണ്ടിങ്’ എന്ന മാർഗം തേടുന്നത്.

ആരാധകരുമായി സ്കൈപ്പിലൂടെയോ മറ്റു വിഡിയോ കോൾ സംവിധാനങ്ങളിലൂടെയോ സംവദിക്കാം, പണം തന്നാൽ മതിയെന്നാണ് ഒബ്രീൻ പറയുന്നത്. ഇതല്ലാതെ നാട്ടിലേക്കു മടങ്ങാൻ പണം കണ്ടെത്താൻ വേറെ വഴിയില്ലെന്നും ഒബ്രീൻ പറയുന്നു. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീൻ. ഒബ്രീന്റെ ട്വീറ്റിൽനിന്ന്:

‘ഓകെ, ഇംഗ്ലണ്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റിന് പണം കണ്ടെത്തുന്നതിന് പുതിയൊരു വഴി തേടുന്നു. ഇതാണ് ആശയം. ക്രിക്കറ്റ്, രാഷ്ട്രീയം, സോസേജ്, മാനസികാരോഗ്യം, സച്ചിൻ തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും ഞാനുമായി 20 മിനിറ്റ് സ്കൈപ്പ്/വിഡിയോ കോൾ ചെയ്യാൻ അവസരം. എനിക്ക് ചെറിയ രീതിയിൽ പണം നൽകാൻ സന്നദ്ധതയുള്ള ആർക്കെങ്കിലും ഈ ആശയത്തിൽ താൽപര്യമുണ്ടെങ്കിൽ മെസേജ് അയയ്ക്കൂ’ – ഒബ്രീൻ എഴുതി.

∙ ഒബ്രീൻ കുടുങ്ങിയതെങ്ങനെ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയിൽ സ്ഥിരതാമസമാക്കിയ ഒബ്രീൻ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഏതാനും ദിവസം മുൻപ് ന്യൂസീലൻഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടർന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാൻ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീൻ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലൻഡിൽ കുടുങ്ങിയ അവസ്ഥയിലായി താരം.

യുകെയിൽ വൈറസ് പടർന്നുപിടിച്ചതോടെ രോഗിയായ ഭാര്യയെ ചൊല്ലിയാണ് ഒബ്രീന്റെ ആശങ്ക. ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മക്കൾ രണ്ടുപേരും തീരെ ചെറുപ്പമാണ്. ഒപ്പമുള്ള അമ്മയ്ക്കാണെങ്കിൽ വയസ്സ് 80 കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഭാര്യ റോസിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവൾക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നിൽക്കാൻ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു.

‘ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവൾ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്ക്കേണ്ട ആളാണ് ഞാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളുടെ വിഷമം കൂട്ടാൻ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീൻ പറഞ്ഞു.