ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യക്തികളിലും സമൂഹത്തിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് അമിതമായ മദ്യപാനം. മദ്യത്തിന് ഒരു വ്യക്തി അടിമയാകുന്നത് മൂലം പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനൊപ്പം കരൾ സംബന്ധമായും ഹൃദയസംബന്ധമായ ഗുരുതരമായ രോഗങ്ങൾക്ക് ഇരയായി തീരുകയും ചെയ്യും . ശാരീരികമായി മാത്രമല്ല മാനസികമായ പ്രശ്നങ്ങളിലേയ്ക്കും മദ്യപാനശീലം വ്യക്തികളെ നയിക്കും. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് പ്രതിവർഷം 3.5 ബില്യൺ പൗണ്ട് എൻഎച്ച്എസിന് ചിലവാകുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. 2021- 2022 -ൽ 1.6 മില്യൺ ഹോസ്പിറ്റൽ അഡ്മിഷൻ മദ്യപാനത്തിനോട് അനുബന്ധിച്ചുള്ളവയായിരുന്നു.
മധ്യവയസ്കരും ജോലിയിൽ നിന്ന് വിരമിച്ചവരും അമിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നത് ഗുരുതരമായ പല രോഗങ്ങൾക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ എൻഎച്ച്എസ് കണക്കുകൾ പ്രകാരം 55 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 23 ശതമാനവും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കുന്നു. ഇത് ക്യാൻസർ വരാനുള്ള സാധ്യതയെ വളരെ അധികം കൂട്ടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ മദ്യപാനാസക്തിയെ പലരും ഡോക്ടർമാരിൽ നിന്ന് ഒളിപ്പിച്ച് വയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഡോക്ടർമാർ തയ്യാറാക്കിയിരിക്കുന്ന നാല് ചോദ്യാവലി 76 മുതൽ 93 ശതമാനം വരെ കൃത്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ മദ്യപാനം കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ മദ്യപാനത്തെ വിമർശിച്ച് ആളുകൾ നിങ്ങളെ ശല്യപ്പെടുത്തിയിട്ടുണ്ടോ? മദ്യപാനത്തെ കുറിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ഞരമ്പുകളെ സ്ഥിരപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഒരു ഹാംഗ് ഓവർ കുറയ്ക്കുന്നതിനോ നിങ്ങൾ രാവിലെ ആദ്യം മദ്യം കുടിക്കേണ്ടതുണ്ടോ? ഇവയിൽ രണ്ടോ അതിലധികമോ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ മദ്യപാനശീലമുള്ളവരാണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കും. പഠനങ്ങൾ പറയുന്നത് അനുസരിച്ച് ആഴ്ചയിൽ നാലോ അതിലധികമോ പ്രാവശ്യം അമിത അളവിൽ കുടിക്കുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2022 ഡിസംബറിൽ ആണ് മദ്യപാനം മൂലമുള്ള മരണങ്ങൾ എക്കാലത്തേതിലും ഉയർന്ന നിരക്കിൽ എത്തിയത്. മൊത്തത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുരുഷന്മാരിൽ കൂടുതലാണെങ്കിലും 50- 54 വയസ് പ്രായമുള്ളവരിലെ മദ്യപാനവുമായി ബന്ധപ്പെട്ട മരണനിരക്ക് കുതിച്ച് കയറിയതും ആശങ്കപ്പെടുത്തുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
Leave a Reply