ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തിട്ടും ലേബർ എംപിമാരുടെ പിന്തുണയോടെ നിയമം പ്രാബല്യത്തിൽ വന്നു. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ വോട്ടു ചെയ്തു. എന്നാൽ ലേബര്‍ പാര്‍ട്ടി പിന്തുണച്ചതിനാല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു ജോൺസൻ. പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നതിന്റെ സൂചന കൂടിയാണിത്. നാല് പ്രധാനമന്ത്രിമാര്‍ക്കൊപ്പം എംപി മാരായി സേവനമനുഷ്ടിച്ച പതിമൂന്ന് എംപിമാരും പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുറന്നെതിർത്തു. ഡെയിം ആന്‍ഡ്രിയ ലീഡ്‌സോം, മുന്‍ ബിസിനസ്സ് സെക്രട്ടറി ഡേവിഡ് ഡേവിസ്, ലിയാം ഫോക്‌സ് തുടങ്ങിയ പ്രമുഖർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

എന്‍ എച്ച് എസ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് 2022 ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യവും ഇൻഡോർ വേദികളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമവും പാര്‍ലമെന്റ് അംഗീകരിച്ചു. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വലിയ എതിർപ്പ് ഉയർന്നതോടെ ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജോൺസൻ. നേതൃത്വത്തിൽ വളരെ ദുർബലനാണ് പ്രധാനമന്ത്രിയെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളി ആരംഭിച്ചതായി ടോറി വിമത നേതാവ് സര്‍ ജെഫ്രി ക്ലിഫ്ടന്‍-ബ്രൗണ്‍ പറഞ്ഞു. അതേസമയം, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഒമിക്രോൺ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് എംപിമാരെ ഓർപ്പിച്ചു. വരും ദിവസങ്ങളിൽ ഒമിക്രോൺ വകഭേദം ശക്തിപ്പെടുമെന്നും യുകെയിലെ മിക്ക പ്രദേശങ്ങളിലും രണ്ട് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച 633 യുകെ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതോടെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 5,346 ആയി. ഇന്നലെ 59,610 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.