തൃശൂർ അതിരൂപതയുടെ മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് ഇമെറിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആരംഭിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം രാവിലെ ബിഷപ് ഹൗസിലേക്ക് കൊണ്ടുവന്നു. ഇവിടെ നടന്ന ഒന്നാംഘട്ട ശുശ്രൂഷ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. തുടർന്ന് പൊതുദർശനത്തിനായി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക (പുത്തൻപള്ളി)യിലേക്ക് മാറ്റി. വൈകിട്ട് ഇവിടെ നിന്ന് വിലാപയാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി ലൂർദ് കത്തീഡ്രലിൽ എത്തിക്കും.
നാളെ രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രലിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കുന്ന രണ്ടാംഘട്ട ശുശ്രൂഷയും 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയും നടക്കും. പിന്നാലെ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കുന്ന മൂന്നാംഘട്ട ശുശ്രൂഷ നടക്കും. ഉച്ചയ്ക്ക് ഒന്നോടെ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുമെന്ന് സഭ അറിയിച്ചു.
ശേഷം ഭൗതികശരീരം കോഴിക്കോട് ദേവഗിരിയിലെ സെന്റ് ജോസഫ് പള്ളിയിൽ പൊതുദർശനത്തിനായി എത്തിക്കും. അവിടെ നിന്നു കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിലേക്ക് മാറ്റും. നാളെ വൈകിട്ട് അവിടെ സംസ്കാര ശുശ്രൂഷയുടെ സമാപനവും കബറടക്കവും നടക്കും.
Leave a Reply