സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുത്ത് കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചും ഗുഡ് ഷെപ്പേര്‍ഡ് സെന്ററും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് സെപ്റ്റംബര്‍ പതിനേഴ് ശനിയാഴ്ച ലീഡ്‌സില്‍ നിന്നും ആരംഭിക്കും. രാവിലെ 7.30 ന് ലീഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചാരിറ്റി ഫാമിലി വാക് ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ചാരിറ്റി ഫാമിലി വാക് കീത്തിലിയിലെ ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ എത്തിച്ചേരും. ചാരിറ്റി വാക്കിന് സമാപനത്തില്‍ ചാരിറ്റി വാക്കില്‍ പങ്കെടുക്കുന്നവരെ വരവേല്ക്കുന്നതോടൊപ്പം വളരെ വിപുലമായ ബാര്‍ബി ക്യൂ പാര്‍ട്ടിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

എന്താണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍?? ചാരിറ്റി വാക്കിലൂടെ ഫണ്ട് റെയിസിംഗിന്റെ ആവശ്യകതയെന്ത്?
കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍.

ഫാ. മാത്യൂ മുളയോലിൽ

കീത്തിലിയിലും പരിസരത്തുമായിട്ടുള്ള പ്രാദേശീക കമ്മ്യൂണിറ്റിയിലെ കുട്ടികള്‍, യുവാക്കള്‍, കുടുംബങ്ങള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം. എല്ലാ ദേശീയതകളില്‍ നിന്നും പ്രാദേശിക കുടുംബങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ സഹായം ആവശ്യമുള്ളവരെ കണ്ടു പിടിച്ച് പിന്തുണയ്ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.
ഇത് സാധ്യമാക്കുന്നതിന് സാമ്പത്തികം അനിവാര്യമായ ഘടകമാണ്.

സംഭാവനകളില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരുടെ അകമഴിഞ്ഞുള്ള സഹായങ്ങളില്‍ നിന്നുമാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു പോകുന്നത്. അടുത്തിടെ കീത്തിലിയില്‍ എത്തിയ നിരവധി ഉക്രേനിയന്‍ കുടുംബങ്ങളെ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ സഹായിച്ചു. അവര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷണങ്ങള്‍ മുതലായവ നല്‍കുന്നു. കൂടാതെ കോഫി മോര്‍ണിംഗ്, ഇംഗ്ലീഷ് ക്ലാസുകള്‍, ലഞ്ച് ക്ലബ്ബുകള്‍, ഗാര്‍ഡനിംഗ് ക്ലാസുകള്‍, ഹെയര്‍ഡ്രെസിംഗ് ട്രെയിനിംഗുകള്‍ മറ്റും നടത്തി ആളുകളെ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സംയോജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രാദേശീക കമ്മ്യൂണിറ്റിയില്‍ സഹായം ആവശ്യമുള്ള എല്ലാവരോടും പ്രതികരിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ തയ്യാറാണ്. എന്നാല്‍ പിന്തുണ തേടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം യൂട്ടിലിറ്റി വിലകളിലെ വന്‍ വര്‍ദ്ധനയും അധിക ഫണ്ടുകള്‍ അടിയന്തിരമായി സ്വരൂപിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ നിര്‍ബന്ധിതരാവുകയാണ്.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഓര്‍ഗ്ഗനൈസ് ചെയ്തിരിക്കുന്ന വിധം.
അഞ്ച് ജംഗ്ഷനായിട്ടാണ് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിനെ തിരിച്ചിരിക്കുന്നത്. ലീഡ്‌സ്, ഷിപ്പിലി, സോള്‍ട്ടെയര്‍, ബിംഗ്‌ളി, റെഡില്‍സ്ടണ്‍ എന്നിവയാണ് അഞ്ച് ജംഗ്ഷനുകള്‍. ചാരിറ്റി ഫാമിലി വാക്കില്‍ പങ്ക് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏത് ജംഗ്ഷനില്‍ നിന്നും ജോയിന്‍ ചെയ്യാനുള്ള അവസരമുണ്ട്. ലീഡ്‌സില്‍ നിന്നും നടത്തം തുടങ്ങുന്നവര്‍ ഓരോ ജംഗ്ഷനിലും എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയ്ക്കുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒറ്റയ്ക്കും ഫാമിലിയായിട്ടും നടക്കുവാന്‍ സാധിക്കും. നടത്തത്തോടൊപ്പം താല്പര്യമുള്ളവര്‍ക്ക് ഓടാനും സൈക്കിളിംഗിനുമുള്ള അവസരമുണ്ട്.
ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് വിവരങ്ങള്‍ മുന്‍കൂട്ടി സംഘാടകരെ അറിയ്‌ക്കേണ്ടതുണ്ട്. വാര്‍ത്തയോടൊപ്പമുള്ള കോണ്‍ടാക്ട് നമ്പറില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലീഡ്‌സില്‍ നിന്നും ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരെ ലീഡ്‌സിലെത്തിക്കാനുള്ള ട്രാന്‍സ്‌പോട്ടിംഗ് സംവിധാനം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടത്തത്തിലുടനീളം ഫസ്റ്റ് എയിഡ്, റെഫറഷ്‌മെന്റ് തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങളാല്‍ നടത്തത്തില്‍ നിന്ന് പിന്മാറേണ്ടി വരുന്നവര്‍ക്കുമായി ഒരു ടീം തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു വാഹനത്തില്‍ ചാരിറ്റി ഫാമിലി വാക്കിനെ അനുഗമിക്കും.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. കീത്തിലി മലയാളീസ് സംഘടിപ്പിക്കുന്ന ചാരിറ്റി വാക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ കീത്തിലിയിലും പരിസരത്തുമായിട്ടുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയ്ച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്..
Shibu 07411443880
Sojan 07860 532396
Babu 07828192965
Jomesh 07404771500
Jessy 07877756886
Anju 07877442920