താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. കൂടാതെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമുണ്ടാകും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. തിരൂരിൽ എത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം താനൂരിൽ അവലോകന യോഗം ചേർന്നു. ഇതിനുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. അതിൽ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ ആശുപത്രി വിട്ടു. 5 പേർ നീന്തി രക്ഷപ്പെട്ടു.
പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ബോട്ട് അപകടത്തിനിടെ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന ആരെയും കാണാനില്ലെന്ന പരാതിയില്ല. രക്ഷാസംഘത്തിന്റെ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് ഫയര്‍ഫോഴ്സ് ഡിജിപി ബി.സന്ധ്യ അറിയിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
Leave a Reply