ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുകെയിൽ ജോലി ചെയ്യാനും ജീവിക്കാനും സ്വപ്നം കാണുന്ന എല്ലാവർക്കും നിർണ്ണായകമാണ് ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങൾ. 2024-ൽ ഹെൽത്ത് ആൻ്റ് കെയർ വിസയും, സ്കിൽഡ് വർക്കർ വിസയും, ഉൾപ്പെടെ വിവിധ വിസാ വിഭാഗങ്ങൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇമിഗ്രേഷനായി അപേക്ഷിക്കുന്ന വ്യക്തികൾക്കായി രണ്ടുതരം ഇംഗ്ലീഷ് ഭാഷകളാണ് യു കെ മുന്നോട്ട് വയ്ക്കുന്നത്.

2024 ജനുവരി 5 -ന് യുകെ ഗവൺമെൻ്റിൻ്റെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങളിലാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. വ്യത്യസ്ത അപേക്ഷകൾക്ക് വ്യത്യസ്തമായ രീതിയിലുള്ള ഭാഷാ പ്രാവീണ്യം ആവശ്യമായതിനാലാണ് ഇത്തരത്തിൽ രണ്ടു തരത്തിലുള്ള പരീക്ഷകൾ അവതരിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഏത് തരത്തിലുള്ള പരീക്ഷ വേണമെന്നതും തീരുമാനിക്കപ്പെടുന്നത്.


ഹെൽത്ത് കെയർ വർക്കർ വിസാ കാറ്റഗറിയിൽ റീഡിങ്, റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിങ് എന്നീ നാല് വിഭാഗങ്ങളിലുമായുള്ള പരീക്ഷ പാസാകേണ്ടത് ആവശ്യമാണ്. എന്നാൽ സിറ്റിസൺഷിപ്പിനായുള്ള അപേക്ഷകളിൽ സ്പീക്കിംഗ്, ലിസണിങ് എന്നിവ മാത്രമാണ് പാസാകേണ്ടത്. അതോടൊപ്പം തന്നെ അപേക്ഷിക്കുന്ന ആളുകൾ ബ്രിട്ടന് പുറത്താണെങ്കിൽ, സെൽട്ട് ( സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ) താഴെപ്പറയുന്ന നാല് ദാതാക്കളിൽ നിന്നുള്ളത് മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ലാംഗ്വേജ്സെർട്ട് , പിയേഴ്സൺ, ഐ എ എൽ റ്റി എസ് സെൽട്ട് കൺസോർഷ്യം, പി എസ് ഐ സർവീസസ് ലിമിറ്റഡ് എന്നിവയിൽനിന്നുള്ളത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. അപേക്ഷ തീയതിക്ക് മുൻപ് രണ്ടുവർഷത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കുകയുള്ളൂ. യുകെ വിസകൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങൾ പ്രാധാന്യമർഹിക്കുന്നതാണ്. അതിനാൽ തന്നെ മാറ്റങ്ങൾ മനസ്സിലാക്കി അപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.