ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ക്യാമ്പയിനുമായി സർക്കാർ. ഇതിന്റെ ഭാഗമായി ശൈത്യകാലത്ത് ബസ് നിരക്കുകൾ £2 ആയി പരിമിതപ്പെടുത്തും. പദ്ധതിക്ക് കീഴിൽ വരുന്ന എല്ലാ പ്രമുഖ ബസ് ഓപ്പറേറ്റർമാരുടെയും നിരക്കുകൾ ജനുവരി മുതൽ മാർച്ച് വരെ ഇതേ തുകയായിരിക്കും.
60 മില്യൺ പൗണ്ട് സബ്‌സിഡിയാണ് സർക്കാർ മോട്ടോർ വാഹനവകുപ്പിന് ഇതിനായി അനുവദിച്ചത്. ഇതിലൂടെ ടിക്കറ്റ് വിലയുടെ മൂന്നിലൊന്ന് ലഭിക്കാമെന്നും, റോഡിൽ മലിനീകരണം ഉണ്ടാക്കുന്ന ഏകദേശം രണ്ട് മില്യൺ കാറുകളും പൊതുനിരത്തിൽ നിന്നും നീക്കം ചെയ്യുവാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കോവിഡിന് ശേഷം പൊതുഗതാഗതത്തെ ജനങ്ങളുമായി ബന്ധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ബഹുഭൂരിപക്ഷമാളുകളും സ്വാഗതം ചെയ്തിട്ടുണ്ട്.
നാഷണൽ എക്‌സ്‌പ്രസും സ്റ്റേജ്‌കോച്ചും ഉൾപ്പെടെ 130-ലധികം ബസ് ഓപ്പറേറ്റർമാർ നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. 2 പൗണ്ടിനു യാത്ര എന്ന പുതിയ ആശയം, വർദ്ധിച്ചുവരുന്ന ജീവിത ചിലവുകൾക്കും, അതിനോടൊപ്പം പുതിയ യാത്ര രീതി എന്ന നിലയിലും ജനങ്ങൾക്ക് സഹായകരമാണെന്ന് കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗ്രഹാം വിഡ്‌ലർ പറഞ്ഞു.
അതേസമയം പൊതുനിരത്തിലെ ബസുകളുടെ നിലവാരം മെച്ചപ്പെടുത്താനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. പുതിയ പദ്ധതിയോടുള്ള ബസ് ഓപ്പറേറ്റർമാരുടെ അനുഭാവപൂർണമായ സമീപനം മാതൃകപരമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.
Leave a Reply