ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരക്ക് പിടിച്ച ജീവിതത്തിൻറെ ഓട്ടത്തിൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. യുകെയിലെ കുടുംബങ്ങൾ വാങ്ങുന്ന ഭക്ഷണത്തിൻറെ പകുതിയും അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങളിൽ പെട്ടതാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. ചിപ്സ്, ക്രാക്കേഴ്സ്, പോപ്കോൺ തുടങ്ങിയ ലഘു ഭക്ഷണങ്ങളും , ഇൻസ്റ്റൻറ് ന്യൂഡിൽസുകളും സൂപ്പുകളും, ഫ്രോസൺ മീൽസ് , ബർഗറുകൾ ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് തുടങ്ങിയ വിഭാഗങ്ങൾ എല്ലാം തന്നെ അൾട്രാ പ്രോസസ്ഡ് ഫുഡിന്റെ വിഭാഗത്തിൽ പെടുന്നവയാണ്.

എന്നാൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശരീരത്തിന് വളരെ ഹാനികരമാണെന്ന പഠന റിപ്പോർട്ട് പുറത്തു വന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രധാനമായും മനുഷ്യനിൽ ഉണ്ടാകുന്ന 32 ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കാരണമാകുമെന്ന ഗവേഷണ റിപ്പോർട്ട് കടുത്ത ഞെട്ടലാണ് ആരോഗ്യ വിദഗ്ധരിൽ സൃഷ്ടിച്ചിരിക്കുന്നത്. റെഡി മീൽസ് , ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ, ടൈപ്പ് 2 പ്രമേഹം തുടങ്ങി മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ സൃഷ്ടിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും ഉപ്പും പഞ്ചസാരയും ഹൃദയാഘാതവും സ്ട്രോക്കും ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് കൂടാതെ ഇത്തരം ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും നാരുകളുടെയും അഭാവവും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് വഴി വയ്ക്കുന്നുണ്ട്.

10 ദശലക്ഷം ആളുകളുടെ വിവരശേഖരണത്തിലൂടെയാണ് ഗവേഷണം പൂർത്തിയായത്. പൊണ്ണത്തടിക്കും ഉറക്ക പ്രശ്നത്തിനും ശാസകോശ സംബന്ധമായ രോഗങ്ങൾക്കും പിന്നിൽ ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണങ്ങൾ കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കൾ, നിറങ്ങൾ എന്നിവയാണ് അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ മനുഷ്യശരീരത്തിന് ഹാനികരമാകുന്നതിന് ഒരു കാരണം .

യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ കഴിക്കുന്ന രാജ്യമാണ് യുകെ . യുകെയിലെ ഭക്ഷണത്തിൻറെ 57 ശതമാനം ഈ ഇനത്തിൽ പെട്ടവയാണ്. ഇത്തരം ഭക്ഷണത്തിന്റെ ഉപയോഗം എൻഎച്ച്എസ്സിനും വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രതിവർഷം 6.5 ബില്ല്യൺ പൗണ്ട് ആണ് എൻഎച്ച്എസ് അമിതവണ്ണം മൂലമുള്ള രോഗങ്ങൾക്ക് മാത്രമായി ചിലവഴിക്കുന്നത്. ബ്രിട്ടീഷ് കൗൺസിലിന്റെ ജേർണലിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ പുകയില ഉത്പന്നങ്ങൾ പോലെ തന്നെ ഹാനികരമാണെന്ന് കണ്ട് ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്.