ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെയർ മേഖലയിൽ പുതിയതായി രാജ്യത്തിന് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടി സർക്കാർ സ്വീകരിച്ചു. ഇതിൻറെ ഭാഗമായി വിദേശത്തു നിന്നുള്ള കെയർ വർക്കർമാർക്ക് നിയമനം നൽകുന്നതിന് മുൻപ് നിലവിൽ യുകെയിൽ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴിൽ ഉടമകൾ നൽകേണ്ടിവരും. നിയമപരമായ മാർഗങ്ങളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ഈ നടപടി കെയർ വിസയിൽ യുകെയിലെത്താൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികൾക്ക് തിരിച്ചടിയാണ്.
കോവിഡ് മഹാമാരിയും ബ്രെക്സിറ്റ് കാരണവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി കെയർ വർക്കർമാർ രാജ്യം വിട്ടിരുന്നു. ഈ കാരണങ്ങൾ കൊണ്ട് കെയർ മേഖലയിൽ വർദ്ധിച്ചു വന്ന തൊഴിൽ ക്ഷാമം ലഘൂകരിക്കുന്നതിനായാണ് 2020 – ൽ ഹെൽത്ത് ആൻഡ് കെയർ വിസ അവതരിപ്പിച്ചത്. എന്നാൽ ഹെൽത്ത് ആൻഡ് കെയർ വിസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഹെൽത്ത് ആൻഡ് കെയർ വിസ ഉപയോഗിച്ച് വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ ഉണ്ടായിരുന്നു. 2024 അവസാനം വരെ 3 ലക്ഷം പേരാണ് കെയർ വിസയിൽ യുകെയിൽ എത്തിയത്. കെയർ ജീവനക്കാരുടെ ആശ്രിതർ ഉൾപ്പെടെ മൊത്തം 745,000 പേർ ഈ സംവിധാനത്തിൻ്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഹെൽത്ത് ആൻഡ് കെയർ വിസയെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നു വന്നിരുന്നു . കെയർ വിസയിൽ വന്ന പലരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ലക്ഷങ്ങൾ ആണ് നൽകിയത് . ഇത്തരം വിസയിൽ യുകെയിൽ എത്തിയ പലരും കടുത്ത ചൂഷണത്തിനാണ് വിധേയരായത്. 2021 ജൂലൈ മുതൽ 2024 ഡിസംബർ വരെ ദുരുപയോഗവും ചൂഷണവും കണ്ടെത്തിയതിനെ തുടർന്ന് ഈ മേഖലയിലെ 470 ലധികം സ്പോൺസർ ലൈസൻസുകൾ ആണ് ഹോം ഓഫീസ് റദ്ദാക്കിയത്.
കെയർ ഹോം ഉടമകൾ ആഭ്യന്തര റിക്രൂട്ട്മെൻ്റുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അന്വേഷിക്കുമെന്ന കാര്യത്തിൽ ഹോം ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല. ഉടൻ പുറത്തിറങ്ങുന്ന ഇമിഗ്രേഷൻ ധവള പത്രത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിക്കപ്പെടും എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും കുറഞ്ഞത് മണിക്കൂറിൽ 12.82 പൗണ്ട് ലഭിക്കുമെന്ന് ഉറപ്പാക്കും.
മറ്റൊരു നടപടിയിലൂടെ 6 മുതൽ 11 മാസം വരെ യുകെയിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനായുള്ള ഷോർട്ട്-ടേം സ്റ്റുഡന്റ് റൂട്ടിലും ഹോം ഓഫീസ് മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസ കാലഹരണപ്പെടുന്ന ഒട്ടനവധി ആൾക്കാർ ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Leave a Reply