സ്വന്തം ലേഖകൻ

ലണ്ടൻ : വ്യാപാര കരാർ ഇല്ലാതെ തന്നെ ബ്രെക്സിറ്റിനായി തയ്യാറെടുക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിശ്ചിത സമയത്തിനുള്ളിൽ യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര കരാറിലെത്താൻ ബ്രിട്ടന് സാധിക്കാത്തതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആണ് ബാങ്കുകൾക്ക് ഈയൊരു മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ വ്യവസായ പ്രമുഖരുമായി ഗവർണർ ആൻഡ്രൂ ബെയ്‌ലി ഇന്നലെ ഒരു കോൺഫറൻസ് കോൾ നടത്തുകയുണ്ടായി. ഡിസംബർ 31ന് ഈ കാലാവധി അവസാനിക്കുമെന്നിരിക്കെ ബ്രിട്ടന് മുമ്പിൽ ഇനി ആറു മാസം സമയം ആണ് ഉള്ളത്. ഒരു കരാർ കൂടാതെ ബ്രിട്ടൻ സമയപരിധി മറികടക്കുകയാണെങ്കിൽ ബാങ്കുകൾ, ഇൻഷുറർമാർ, അസറ്റ് മാനേജർമാർ എന്നിവർക്ക് തിരിച്ചടി നേരിടേണ്ടതായി വരും. എന്നാൽ രാജ്യത്തെ വ്യവസായം ലോകോത്തര നിലവാരമുള്ളതാണെന്നും ഏത് ബ്രെക്‌സിറ്റ് ഫലത്തിനും തയ്യാറാണെന്നും ബ്രിട്ടന്റെ ധനകാര്യ മന്ത്രി ജോൺ ഗ്ലെൻ പറഞ്ഞു.

കരാർ ഇല്ലാത്ത ബ്രെക്സിറ്റിന് ബ്രിട്ടന്റെ ധനകാര്യ സേവന മേഖല തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയന്റെ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. രാജ്യത്തിന്റെ ധനകാര്യ വ്യവസായം പെട്ടെന്നു തന്നെ പ്രതിസന്ധിയിൽ ആവാതിരിക്കാൻ യൂറോപ്യൻ യൂണിയനുമായി ഒരു ധാരണയിൽ എത്തിച്ചേർന്ന ശേഷം ബ്രെക്സിറ്റ്‌ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ബ്രസൽസ് ഈ നിർദ്ദേശം നിരസിച്ചതായി ഇന്നലെ യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും പറഞ്ഞു. ഇതുവരെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിൽ വളരെ കുറച്ചു പുരോഗതി മാത്രമേ കൈവരിച്ചിട്ടുള്ളൂ എന്ന് ബ്രിട്ടന്റെ മുഖ്യ ഇടനിലക്കാരൻ ഡേവിഡ് ഫ്രോസ്റ്റ് പറഞ്ഞിരുന്നു. നിയമ നിർവ്വഹണം, സിവിൽ ന്യൂക്ലിയർ, വ്യോമയാന തുടങ്ങിയ വിഷയങ്ങളിലെ കരാറുകൾക്കൊപ്പം ഒരു സ്വതന്ത്ര വ്യപാര കരാർ ലഭ്യമായ സമയത്തിനുള്ളിൽ, വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ അംഗീകരിക്കാമെന്ന് വളരെ വ്യക്തമാണ്.

  പുതിയ രൂപവും ഭാവവുമായി മലയാളം യുകെ. വായന കൂടുതൽ ആസ്വാദ്യകരമാകും. പ്രിയ വായനക്കാർക്ക് ഒരായിരം നന്ദി

ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടാൻ സ് കോട് ലാൻഡ് ആവശ്യപ്പെടുന്നുണ്ട്. സ് കോട്ടിഷ് സമ്പത്ത് വ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് ഒരു വിപുലീകരണം ആവശ്യമാണെന്ന് അവർ വ്യക്തമാക്കി. വടക്കൻ അയർലൻഡ് അസംബ്ലി ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നാലാം ഘട്ട ചർച്ചകൾ ആരംഭിച്ചുവെങ്കിലും ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. വ്യാപാര ഇടപാടില്ലാതെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയാൽ യുകെയിലെ ഏറ്റവും വലിയ കാർ നിർമാണ പ്ലാന്റ് സുസ്ഥിരമല്ലെന്ന് ഉടമ നിസ്സാൻ മുന്നറിയിപ്പ് നൽകി. യുകെ സർക്കാരിന് ഒരു പരിവർത്തന വിപുലീകരണം അഭ്യർത്ഥിക്കാൻ കഴിയുമെങ്കിലും അത് ചെയ്യില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിപുലീകരണം ബ്രെക്സിറ്റിന് ചുറ്റുമുള്ള കാലതാമസവും അനിശ്ചിതത്വവും വർദ്ധിപ്പിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വാദം. എങ്കിലും കഴിഞ്ഞ വർഷം ഒപ്പുവച്ച ഒരു കരാർ പ്രകാരം, അത്തരമൊരു വിപുലീകരണം അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ രാജ്യത്തിന് ഈ മാസം അവസാനം വരെ സമയമുണ്ട്. അതിനാൽ തന്നെ വരും ആഴ്ചകൾ നിർണായകമാണ്.