ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടു വർഷങ്ങൾക്കു ശേഷം കേരളത്തിലെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ സ്കൂളുകളിൽ എത്തി ഈ വിദ്യാഭ്യാസ വർഷത്തിലെ അധ്യയനം പൂർണതോതിൽ ആരംഭിച്ചു എന്ന് പറയാം.

കേരളത്തിൽ ഗവൺമെൻറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്കൂളുകൾ കഴിഞ്ഞാൽ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യമേഖലയിലാണ് . മാസാമാസം വിദ്യാർഥികളിൽനിന്ന് ഫീസ് മേടിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ക്ലാസുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഫീസിൻെറ കാര്യത്തിൽ വൻ വർദ്ധനവ് നടത്തിയതായുള്ള പരാതികൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ വ്യാപകമായുണ്ട്.

ഓൺലൈൻ ക്ലാസ് നടത്തി കൊണ്ടിരുന്ന സമയത്ത് ഫീസിനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ ചിലത് സിമ്മിംഗ് ഫീസ്   വരെ വാങ്ങിയ കാര്യം ഇതിനുമുമ്പും മലയാളംയുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല സ്വകാര്യ സ്കൂളുകളും അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന സമയത്ത് ശമ്പളം പകുതിയോ അതിലധികമോ വെട്ടിക്കുറച്ചിരുന്നു. അധ്യാപകരുടെ ശമ്പളത്തിൽ വരുത്തിയ കുറവിൻെറ ആനുകൂല്യം കുട്ടികൾക്ക് ഫീസിനത്തിൽ ഇളവ് ചെയ്യുന്നതിന് പല സ്കൂളുകളും തയ്യാറായിട്ടില്ല എന്നതാണ് സത്യം.

അമിതമായ ഫീസ് ഈടാക്കാനായിട്ടാണ് പല സ്കൂളുകളും പേരിന്റെ കൂടെ ‘ഇൻറർനാഷണൽ‘ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് .  സ്വകാര്യ സ്കൂളുകളിലെ ബസ് ഫീസ് രക്ഷിതാക്കളെ കൊള്ളയടിക്കാനുള്ള മറ്റൊരു മാർഗമായി മാറിയിരിക്കുകയാണ്. കോവിഡിന് മുമ്പുള്ള ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനമോ അതിലധികമോ ബസ് ഫീസ് വർധിപ്പിച്ച സ്കൂളുകളും കേരളത്തിൽ ഉണ്ട്. ഇന്ധന വിലയിൽ ഭീമമായ വർധനവ് ഉണ്ടായി എന്ന സത്യം മറക്കുന്നില്ല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ് സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിലെ പലവിധമുള്ള ഫീസ് വർദ്ധനവുകൾ.

ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും പുസ്തകങ്ങളും , നോട്ട്ബുക്കുകളും വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ കൂടിയാണ്. തങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും എംആർപി വിലയിൽ വിൽക്കുന്നതിലൂടെ സ്കൂളുകൾ കൊയ്യുന്നത് വൻ ലാഭമാണ്. ഈ ഇനത്തിലുള്ള നികുതിവെട്ടിപ്പിലൂടെ ഗവൺമെന്റിന് നഷ്ടമാകുന്നത് കോടികളാണ്. സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ നടക്കുന്ന അനീതികൾക്കെതിരെ എവിടെ പരാതി പറയണം എന്നുള്ള കാര്യം പോലും ഭൂരിപക്ഷം മാതാപിതാക്കൾക്കും കുട്ടികൾക്കും അറിയില്ല.

എൽ കെ ജി , യു കെ ജി തലത്തിൽ ചേരുമ്പോൾ തന്നെ സ്വകാര്യ സ്കൂളുകൾ ഡിപ്പോസിറ്റ് ആയി നല്ലൊരു തുക മേടിക്കുന്നുണ്ട്. തങ്ങൾ കൊടുത്തിരിക്കുന്ന ഭീമമായ ഡെപ്പോസിറ്റിൻെറ നഷ്ടമോർത്താണ് പല രക്ഷിതാക്കളും കുട്ടികളെ എയ്ഡഡ് ഗവൺമെന്റിൻെറ കീഴിലുള്ള സ്കൂളുകളിലേയ്ക്ക് മാറ്റാൻ മടിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിബിഎസ്ഇ , ഐസിഎസ്ഇ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.