ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുവാൻ ചാൻസിലർ ക്വാസി ക്വാർടെങ് പ്രഖ്യാപിച്ച നടപടികൾ പണക്കാരെ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ചാൻസിലർ പ്രഖ്യാപിച്ചിരിക്കുന്ന ടാക്സ് കുറവുകൾ 10% വരുന്ന സമ്പന്നരായ കുടുംബാംഗങ്ങൾക്ക് മാത്രമാണ് സഹായകരമാകുന്നത് എന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നർ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ക്രിസ് ഫിലിപ്പ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാൻസലർ ക്വാസി ക്വാർടെങ് കഴിഞ്ഞ 50 വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടാക്സ് വെട്ടി ചുരുക്കലുകൾ പ്രഖ്യാപിച്ചത്. 45 ബില്യൺ പൗണ്ടോളം തുകയുടെ നികുതി കുറവുകളാണ് മിനി ബഡ്ജറ്റിൽ ചാൻസലർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനും, നാഷണൽ ഇൻഷുറൻസിലുള്ള വർദ്ധന മരവിപ്പിക്കാനുമുള്ള തീരുമാനം ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുകെ ഇതിനോടകം തന്നെ മാന്ദ്യത്തിലായിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകുകയും പലിശ നിരക്ക് 2.25% ആയി ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് ചാൻസിലറുടെ പ്രഖ്യാപനങ്ങൾ. 155,000 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്നവർക്ക് മാത്രമേ നിലവിലെ നികുതി നയങ്ങളിൽ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന വസ്തുതയാണ് കുറ്റപ്പെടുത്തലുകൾക്ക് വഴിതെളിച്ചിരിക്കുന്നത്.
എന്നാൽ ഇതൊരു സാമ്പത്തിക ഉദ്ദേജന പാക്കേജാണെന്നും ഇതുവഴി ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് കാര്യമായ വളർച്ചയുണ്ടാകുമെന്നുമാണ് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരം നടപടികൾ പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമായി യുകെ സ്റ്റോക്ക് മാർക്കറ്റുകൾ ഇടിയുകയാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് എന്തുതരം പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.
Leave a Reply