ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയ്ക്ക് ബർമിംഗ്ഹാമിൽ പുതിയ ആസഥാനമന്ദിരം. സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നതിനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആസ്ഥാന മന്ദിരവുമായാണ് സെപ്റ്റംബർ 16ന് പാസ്റ്ററൽ സെന്റർ പ്രവർത്തനം തുടങ്ങുക. സെപ്റ്റംബർ പതിനാറിന് സഭാ തലവൻകൂടിയായ മേജർ അർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പാസ്റ്ററൽ സെന്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിക്കും. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ബ്രിട്ടണിലെ കത്തോലിക്കാ വിശ്വസത്തിന്റെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹില്ലിൽ (Old Oscott Hill 99, B44 9SR) ആണ് 13,500 ചതുരശ്ര അടി വിസ്തൃതിയുള്ള പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളിൽ നിന്നുമുള്ള വിശ്വാസികളുടെയും തീക്ഷണമായ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് പാസ്റ്ററൽ സെന്റർ യാഥാർധ്യമാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ചാണ് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കുന്നത്. രൂപതുയുടെ ബ്രിട്ടണിലെമ്പാടുമുള്ള മിഷനുകളും മാസ് സെന്ററുകളും കേന്ദ്രീകരിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
കെട്ടിടത്തിൻ്റെ താക്കോൽ കൈമാറ്റം വ്യാഴാഴ്ച നടന്നു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന സമൂഹബലിയോടെ പാസ്റ്ററൽ സെൻ്റർ രൂപതയുടെ ഭാഗമായി മാറി.
2016 ജൂലൈ 16-നു ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയ ബ്രിട്ടനിലെ സീറോ മലബാർ രൂപത എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് രൂപതാ ആസ്ഥാനവും പാസ്റ്ററൽ സെൻ്ററും സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുന്നത്.
സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്.
1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്.
ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, – കാഡിഫ്, കേംബ്രിഡ്ജ്, കാൻ്റർബറി, ലീഡ്സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, പ്രസ്റ്റൺ, സ്കോട്ലാൻഡ്, സൗത്താംപ്ടൺ എന്നിങ്ങനെ പന്ത്രണ്ട് റീജിയനുകളിലായി എഴുപതോളം വൈദികരുടെയും അഞ്ച് സന്യസ്തരുടെയും നേതൃത്വത്തിലാണ് ബ്രിട്ടണിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ. നാല് സ്വന്തം ഇടവകകളും 55 മിഷനുകളും 31 പ്രൊപ്പോസ്ഡ് മിഷനുകളും ഉൾപ്പെടെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലായി 90 നഗരങ്ങളിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നു. നിലവിൽ രൂപതയിൽ വ്യത്യസ്തങ്ങളായ 27 കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ റീജിയനുകൾക്കും സൗകര്യപ്രദമായ ലൊക്കേഷൻ എന്ന നിലയിലാണ് ബർമിംഗ്ഹാമിൽ പാസ്റ്ററൽ സെന്റർ സ്ഥാപിക്കാൻ തീരുമാനം ഉണ്ടായത്. പ്രൊട്ടസ്റ്റൻ്റ് വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്ത പ്രമുഖ ദൈവശാസ്ത്രജ്ഞൻ കർദ്ദിനാൾ ന്യൂമാൻ്റെ പ്രവർത്തനകേന്ദ്രമായിരുന്നു ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹിൽ. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചശേഷം കാർഡിനൽ ന്യൂമാൻ താമസിച്ചത് രൂപതയുടെ പുതിയ പാസ്റ്ററൽ സെന്ററിന് തൊട്ടടുത്തുള്ള മേരിവെയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു.
ബ്രിട്ടണിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വളർന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവർത്തനങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ വിശ്വാസതീഷ്ണമായ പ്രവർത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.
രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം.
കുട്ടികൾ. യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൗകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളിൽ വോളന്റിയർ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് സൗകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററൽ സെന്റർ വേദിയാകും.
കെട്ടിടത്തിന്റെ വിലയ്ക്കു പുറമെ അറുപതു വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ആവശ്യമായ നവീകരണത്തിനും വിപുലീകരണത്തിനുമായി ആവശ്യമായ തുക വിശ്വാസികളിൽനിന്നും സമാഹരിച്ച് സെപ്റ്റംബർ 16ന് ദീർഘകാല അഭിലാഷമായ ആസ്ഥാനമന്ദിരം പ്രവർത്തനക്ഷമമാക്കാമെന്നാണ് രൂപതാ കുടുംബത്തിൻറെ പ്രതീക്ഷ.
Leave a Reply