ജിൻസി കോരത്

ലണ്ടൻ: ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തതയാർന്ന കലാപരിപാടികളുടെ വിസ്മയ കാഴ്ചകളൊരുക്കി വർണ്ണാഭമായി നടന്നു. ആഘോഷങ്ങളുടെ ഇടയിലേക്ക് കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് കുട്ടികൾക്കും മുതിർന്നവരോടുമൊപ്പം നടത്തിയ തകർപ്പൻ ഡാൻസ് മുഴുവൻ കാണികൾക്കും വിസ്മയകരവും അപൂർവ്വവുമായ ദൃശ്യാനുഭവമായി മാറി.

ഗിൽഫോർഡ് കിംഗ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജി എം സി എയിലെ പ്രതിഭാധനരായ കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച മനോഹരമായ നേറ്റിവിറ്റിഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജി എം സി എ പ്രസിഡന്റ് മോളി ക്ലീറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലോക കേരളസഭാംഗവും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. ഓരോ വർഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടത്തുമ്പോൾ വിണ്ണിലെ സന്തോഷവും സമാധാനവും ഭൂമിയിലെ മനുഷ്യരുടെ ഹൃദയങ്ങളിലും നിറയുന്നുണ്ടോയെന്ന് നാം പുനഃപരിശോധന നടത്തേണ്ടതാണെന്നും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ വിതറി മാനവ മനസ്സുകളിൽ സന്തോഷം നിറയാൻ എല്ലാവരുടെയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കിടയാകട്ടെയെന്നും സി എ ജോസഫ് തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജി എം സി എ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി നിക്സൺ ആന്റണി സ്വാഗതം ആശംസിച്ചു. തുടർന്ന് ഇടവേളയില്ലാതെ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറിയപ്പോൾ അപൂർവ്വമായ ദൃശ്യ വിസ്മയകാഴ്ചകളാണ് സദസ്സിന് സമ്മാനിച്ചത്. ജിഎംസിഎയുടെ നേതൃത്വത്തിൽ ഓരോ ഭവനങ്ങളിലും നടത്തിയ കാരോൾ സന്ദർശനാവസരത്തിൽ ഏറ്റവും മികച്ച ദീപാലങ്കാരത്തിന് ഏർപ്പെടുത്തിയ സമ്മാനം രാജീവ് -ബിൻസി ദമ്പതികൾ സെക്രട്ടറി നിക്‌സൺ ആന്റണിയിൽ നിന്നും ഏറ്റുവാങ്ങി. മികച്ച അവതാരകയായി എത്തി മുഴുവൻ പരിപാടികളും ചിട്ടയോടെ അവതരിപ്പിക്കുവാൻ അവസരമൊരുക്കിയ സാറാ മറിയം ജേക്കബ്ബ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

ജി എം സി എ ഭാരവാഹികളോടൊപ്പം ആഘോഷ കമ്മറ്റി അംഗങ്ങളായ സ്നോബിൻ മാത്യു, ജിൻസി ഷിജു, വിനോദ് ജോസഫ് , രാജീവ് ജോസഫ്, സനു ബേബി, ഷിജു മത്തായി, ക്ളീറ്റസ് സ്റ്റീഫൻ തുടങ്ങിയവരാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വിജയകരമായി നടത്തുന്നതിന് നേതൃത്വം കൊടുത്തത്. പരിപാടികളിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സന്റെ കൃതജ്ഞത പ്രകാശനത്തോടെ ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.