സിപിഎം പ്രവർത്തകർ ഒരുക്കിയ സുരക്ഷയിൽ പ്രാദേശിക പോലീസ് സ്റ്റേഷനെ മുൻകൂട്ടി അറിയിക്കാതെ മന്ത്രി വീണാ ജോർജ്, കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ഡി.ബിന്ദുവിന്റെ വീട്ടിലെത്തി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയ മന്ത്രി, 20 മിനിറ്റോളം അവിടെ ചെലവഴിച്ചു.
ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മക്കളായ നവനീത്, നവമി എന്നിവരെയും ബന്ധുക്കളെയും നേരിൽകണ്ട് ആശ്വസിപ്പിച്ചു. അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ പൂർണമായും കുടുംബത്തോടൊപ്പം ഉണ്ടാകും. കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും പരിഗണിക്കും. മന്ത്രിസഭയോഗത്തിനുശേഷം മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കുടുംബത്തോടൊപ്പം നിന്നതിൽ നന്ദിയുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു.
സാങ്കേതിക കാരണങ്ങൾകൊണ്ടാണ് നേരത്തേ വരാതിരുന്നതെന്ന് മന്ത്രി തങ്ങളെ അറിയിച്ചു. അത് മനസ്സിലാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകാമെന്നാണ് പറഞ്ഞിരുന്നത്. അവിടെ ജോലിചെയ്യാൻ മകന് ബുദ്ധിമുട്ടുണ്ടെന്നകാര്യം മന്ത്രിയോട് പറഞ്ഞു. മകൻ ബിടെക് സിവിൽ എൻജിനിയറിങ് കഴിഞ്ഞു. അവന് സ്ഥിരമായി ജോലിനൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശെൽവരാജ്, കെ.പി. പ്രശാന്ത്, ഏരിയ സെക്രട്ടറി ഡോ.സി.എം.കുസുമൻ, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.
പത്തനംതിട്ടയിലെ വീട്ടിൽനിന്ന് ഞായറാഴ്ച അതിരാവിലെ ഔദ്യോഗികവാഹനത്തിൽ മന്ത്രി വീണാ ജോർജ് തലയോലപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടിലെത്തി. തുടർന്ന് പോലീസ് വാഹനം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ വാഹനം പ്രതിയെയുംകൊണ്ട് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. മുൻകൂട്ടി അറിയിക്കാഞ്ഞതുകൊണ്ട് അവർക്ക് വാഹനം സജ്ജമാക്കാൻ കഴിഞ്ഞില്ല.
കടുത്തുരുത്തി പോലീസിന്റെ സഹായം തേടിയെങ്കിലും വൈകുമെന്ന കാരണത്താൽ സുഹൃത്തിന്റെ വാഹനത്തിൽ പാർട്ടിനേതാക്കളോടൊപ്പം മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്കുപോയി. തിരികെ എത്തിയപ്പോൾ സമീപത്തുള്ള പോലീസ് സ്‌റ്റേഷനിൽനിന്നുള്ള വാഹനങ്ങൾ അകമ്പടിക്കായി എത്തി. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ പോലീസ് അകമ്പടിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങി.
Leave a Reply