സ്വന്തം ലേഖകൻ

ബോൺമൗത്ത് : ലോക്ക്ഡൗണിൽ ലഘൂകരണം ഏർപ്പെടുത്തിയതോടെ ആയിരകണക്കിന് ആളുകളാണ് പ്രതിദിനം ഇംഗ്ലണ്ടിലെ കടൽത്തീരങ്ങളിൽ എത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ഇംഗ്ലണ്ടിലെ ബീച്ചുകൾ അടയ്ക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് മുന്നറിയിപ്പ് നൽകി. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനമായ ഇന്നലെ, പൊതുജനങ്ങളുടെ വൻ തിരക്കാണ് ബീച്ചുകളിൽ കാണപ്പെട്ടത്. സൗത്ത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ താപനില 33.3° സി (91.94 എഫ്) ആയി ഉയർന്നു. : “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബീച്ചുകളിൽ, പ്രത്യേകിച്ച് ബോൺമൗത്തിലും സാൻഡ്‌ബാങ്കുകളിലും കണ്ട രംഗങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുന്നു. “നിരവധി ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റവും പ്രവർത്തനങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ” കൗൺസിൽ നേതാവ് വിക്കി സ്ലേഡ് പറഞ്ഞു.

‘ഒരു പ്രധാന സംഭവമായി’ പല നേതാക്കന്മാരും ഇതിനെ വിലയിരുത്തി. ഗതാഗതം തടസപ്പെടുത്തുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്ത ജനക്കൂട്ടത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ അപലപിച്ച കൗൺസിൽ അധിക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങിന് 558 പേർക്കോളം പോലീസ് പിഴ ഇടാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ പ്രതിസന്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ സാമൂഹിക അകലം പാലിക്കാൻ നാം ബാധ്യസ്ഥരാണെന്ന് ഹാൻകോക്ക്‌ പറഞ്ഞു. “ഈ വൈറസിനെ നേരിടുന്നതിൽ നമ്മൾ യഥാർത്ഥ പുരോഗതി കൈവരിച്ചു. എല്ലാവരുടെയും കഠിനാധ്വാനം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. ദയവായി ജാഗ്രത പാലിച്ച് ജീവൻ രക്ഷിക്കുക.” ഹാൻകോക്ക് കൂട്ടിച്ചേർത്തു.

കേസുകളുടെ എണ്ണത്തിൽ വർധനവ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ‌ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ‌ കേസുകളുടെ എണ്ണം ഉയരുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും മുന്നറിയിപ്പ് നൽകി. “ചൂടേറിയ സമയത്ത് എല്ലാവരും കടൽത്തീരത്തേക്ക് പോകും. എന്നാൽ ഏറ്റവും സുരക്ഷിതമായി അത് ചെയ്യേണ്ടതുണ്ട്. കാരണം രോഗം ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ല.” ക്രിസ് ട്വീറ്റ് ചെയ്തു.