ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ചാൾസ് മൂന്നാമൻ രാജാവിന്റെ ഭരണകാലത്തെ ആദ്യത്തെ കുഞ്ഞു പിറന്നത് രാജ്ഞിയുടെ മരണത്തിന് പതിനഞ്ചു മിനിറ്റുകൾക്കു ശേഷമെന്ന് റിപ്പോർട്ട്. ഇരുപത്തൊമ്പതുകാരിയായ റെബക്ക അലനും, മുപ്പത്തൊന്നുകാരനായ ആഡം വോക്കറുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ജിയോർജിയോ നിക്കൊളാസ് വോക്കർ എന്ന് പേരിട്ടിരിക്കുന്ന കുരുന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കവൻട്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.44 നാണ് ജനിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ആയിരിക്കുന്ന മാതാപിതാക്കളോട് രാജ്ഞിയുടെ മരണവാർത്തയും നേഴ്സുമാർക്ക് അറിയിക്കേണ്ടതായി വന്നു. രാജ്ഞി മരിച്ചുവെന്ന് ഔദ്യോഗികമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പ്രഖ്യാപിച്ചതിന് 14 മിനിറ്റുകൾക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക രേഖകളിൽ ചാൾസ് മൂന്നാമൻെറ കാലത്ത് ജനിച്ച ആദ്യ കുഞ്ഞാണ് ജിയോർജിയോ. രാജ്ഞിയുടെ മരണം ആശുപത്രി സ്റ്റാഫുകളെ ആകെ ദുഃഖത്തിലാഴ്ത്തിയതായി കുഞ്ഞിന്റെ മാതാവ് റെബേക്ക പറഞ്ഞു.


ചാൾസ് രാജാവിന്റെ മധ്യ പേരുകളിൽ ഒന്നായ ജോർജ് എന്ന പദത്തിന്റെ ഗ്രീക്ക് പദമാണ് കുഞ്ഞിന്റെ നാമമായ ജിയോർജിയോ. വളരെയധികം പ്രതിസന്ധി നിറഞ്ഞ ഒരു പ്രസവത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞ 70 വർഷങ്ങളിലായി രാജ്ഞി ചെലുത്തിയ സ്വാധീനം വലുതാണ്. അതിനാൽ തന്നെ രാജ്ഞിയുടെ മരണം ബ്രിട്ടനെ ആകെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.