ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യൂറോ കപ്പിന്റെ ഭാഗമായി വെമ്പ്ളിയിൽ വെച്ച് നടന്ന ജർമനി – ഇംഗ്ലണ്ട് മത്സരത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത് ജർമ്മനിയുടെ ആരാധികയായ ഒരു കുഞ്ഞു പെൺകുട്ടിയാണ്. ജർമ്മനി ഇംഗ്ലണ്ടിനോട് 2-0 ത്തിന് പരാജയപ്പെട്ടതിനെ തുടർന്ന് കരയുന്ന ഈ പെൺകുട്ടിയെ ചേർത്തുപിടിക്കുന്ന പിതാവിന്റെ ചിത്രം സോഷ്യൽ മീഡിയകളിലും മറ്റും വൈറലായിരുന്നു. എന്നാൽ ചില ഇംഗ്ലണ്ട് ആരാധകർ പെൺകുട്ടിക്കെതിരെ മോശമായ കമന്റുകളും മറ്റും ട്വിറ്ററിൽ കുറിച്ചിരുന്നു. പെൺകുട്ടിയുടെ ജർമൻ പൗരത്വത്തെയും, ജർമ്മനിയുടെ നാക്സി ചരിത്രത്തെയും ഒക്കെ സൂചിപ്പിച്ചാണ് അധിക്ഷേപിക്കുന്ന തരത്തിൽ കമന്റുകൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ അധിക്ഷേപം നേരിട്ടതിനെ തുടർന്നാണ്, ഈ പെൺകുട്ടിക്കായി ഒരു ഫണ്ട് റെയ് സർ ക്യാമ്പയിൻ ആരംഭിച്ചത്. യുകെയിൽ ഉള്ള എല്ലാവരും മോശം ചിന്താഗതി ഉള്ളവരല്ല എന്ന് തെളിയിക്കുന്നതിനായി ആണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചത്. ഈ ക്യാമ്പയിനിലൂടെ ഏകദേശം 36000 പൗണ്ട് തുക പെൺകുട്ടിയുടെ കുടുംബത്തിനായി ലഭിച്ചു.
തന്റെ കുടുംബത്തിനായി ലഭിച്ച ഈ സഹായത്തിനായി നന്ദിയുണ്ടെന്നും, ഈ തുക യൂനിസെഫിനായി നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി. 51 കാരനായ ജോയൽ ഹ്യൂഗ്സ് എന്ന വ്യക്തിയാണ് പെൺകുട്ടിക്കായി ഇത്തരത്തിൽ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പെയിനിൽ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഹ്യൂഗ്സ് അറിയിച്ചു. 500 പൗണ്ട് തുക മാത്രമാണ് താൻ ഉദ്ദേശിച്ചത്. യുകെയിൽ ഉള്ളവരെല്ലാവരും മോശം ചിന്താഗതി ഉള്ളവരല്ലെന്ന് തെളിയിക്കുന്നതിനു വേണ്ടിയും, പെൺകുട്ടിയുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിൽ ക്യാമ്പയിൻ ആരംഭിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply