ലണ്ടന്‍: പല്ല് നീക്കം ചെയ്യാനായി ആശുപത്രികളെ ആശ്രയിക്കുന്ന നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2006-2007 വര്‍ഷത്തില്‍ 7444 കുട്ടികളാണ് ആശുപത്രികളില്‍ ഈ പ്രശ്‌നവുമായി എത്തിയിരുന്നതെങ്കില്‍ 2015-2016 വര്‍ഷത്തില്‍ അത് 9206 ആയി ഉയര്‍ന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഡെന്റല്‍ സര്‍ജറി ഫാക്കല്‍റ്റി തയ്യാറാക്കിയ കണക്കുകളാണ് ഇത്.
ഇക്കാലയളവില്‍ കുട്ടികളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ ചെറിയ പ്രായത്തില്‍ നടത്തുന്ന ഡെന്റല്‍ സര്‍ജറികള്‍ കുട്ടികള്‍ക്ക് വളരെ ദോഷകരമാണെന്ന് ഡെന്റിസ്റ്റായ ആന്‍ഡ്രൂ വില്‍സണ്‍ പറയുന്നു. പല്ലില്‍ പഴുപ്പ് ബാധിച്ച് ഭക്ഷണം ചവച്ച് കഴിക്കാനാകാതെയും വേദന മൂലം ഉറങ്ങാനാവാതെയും വരുന്ന കുട്ടികളെ തങ്ങള്‍ കാണാറുണ്ട് ഒന്നിലേറെ പല്ലുകള്‍ നീക്കം ചെയ്യേണ്ട അവസ്ഥയും ഈ കുട്ടികളില്‍ ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

84,086 സര്‍ജറികളാണ് നാല് വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ഈ പത്തു വര്‍ഷക്കാലത്തിനിടയില്‍ നടത്തിയത്. ഒരു വയസിനു താഴെ പ്രായമുള്ള 47 കുട്ടികളിലും ഡെന്റല്‍ സര്‍ജറികള്‍ വേണ്ടിവന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ 90 ശതമാനം ദന്തക്ഷയവും പ്രതിരോധിക്കാനാകുമെന്ന് ഡെന്റല്‍ സര്‍ജറി ഫാക്കല്‍റ്റിയായ നിഗല്‍ ഹണ്ട് പറയുന്നു. ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളില്‍ ദന്തഡോക്ടറെ സന്ദര്‍ശിക്കുന്നതും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കുള്ള ദന്ത ചികിത്സ എന്‍എച്ചഎസില്‍ സൗജന്യമായിട്ടും 2015-16 വര്‍ഷത്തില്‍ 42 ശതമാനം കുട്ടികളും ഡെന്റിസ്റ്റിനെ കാണാന്‍ എത്തിയിട്ടില്ല. മധുരം കഴിക്കാന്‍ കുട്ടികള്‍ക്കുള്ള ഇഷ്ടമാണ് ദന്തരോഗങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നതെന്നും ഡെന്റിസ്റ്റുകള്‍ പറയുന്നു.