ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ ഹോട്ടൽ ക്വാറന്റീൻ പദ്ധതി ഫെബ്രുവരി 15 ന് ആരംഭിക്കും. പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇത് യാഥാർഥ്യമാവുന്നത്. കാലതാമസം നേരിട്ട പദ്ധതിയുടെ മേൽനോട്ടത്തിനായി വിരമിച്ച റോയൽ മറൈൻ ജനറൽ സർ ഗോർഡൻ മെസഞ്ചറിനെ നിയോഗിച്ചു. കഴിഞ്ഞ വർഷം ലിവർപൂളിൽ ഒരു കമ്മ്യൂണിറ്റി ടെസ്റ്റിംഗ് ഓപ്പറേഷന് നേതൃത്വം നൽകിയ വ്യക്തിയാണ് ഗോർഡൻ. ഈ പദ്ധതി ആരംഭിക്കുന്നതിനായി യുകെയിലുടനീളം 28,000 ഹോട്ടൽ മുറികൾ റിസർവ് ചെയ്യാൻ സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 15 നകം ഒരു ദിവസം 1,425 യാത്രക്കാരെ പാർപ്പിക്കാൻ ഹോട്ടൽ മേധാവികൾ തയ്യാറാകണമെന്ന് കരട് രേഖയിൽ പറയുന്നു. ഒരാൾക്ക് 800 പൗണ്ട് നിരക്കിൽ 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്വാറന്റീൻ. കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് ഹോട്ടലുകളിൽ എങ്ങനെ മുറി ബുക്ക് ചെയ്യാമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും.

സർക്കാരിന്റെ പുതിയ നിർദേശങ്ങൾ തങ്ങളെ ഇരുട്ടിലാക്കിയിരിക്കുകയാണെന്ന് പ്രമുഖ ഹോട്ടൽ ഉടമകൾ പറഞ്ഞു. സർക്കാരിന്റെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന യാത്രക്കാർക്കാണ് ക്വാറന്റീൻ. നിലവിൽ അവധിക്കാലം ആഘോഷിക്കുന്നത് നിയമവിരുദ്ധമാണ്, യുകെയിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര ചെയ്യുന്നതിന് മുമ്പ് ഒരു പരിശോധനയ്ക്ക് വിധേയരായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. ഒപ്പം എത്തുമ്പോൾ സ്വയം ഒറ്റപ്പെടലും നിർബന്ധമാണ്. പാൻഡെമിക്കിലുടനീളം, ശാസ്ത്രജ്ഞരുടെ ഉപദേശപ്രകാരം സർക്കാർ ആനുപാതികമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.

വിമാനത്താവളങ്ങളിൽ പോലീസ് സാന്നിധ്യം വർദ്ധിക്കുകയും ആളുകൾ സ്വയം ഒറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിലാസങ്ങളിൽ കൂടുതൽ പരിശോധന നടത്തുകയും ചെയ്യും. വളരെ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ക്വാറന്റീൻ സൗകര്യങ്ങൾ സുരക്ഷിതമാക്കാൻ ഞങ്ങൾ ഇപ്പോൾ വേഗത്തിൽ പ്രവർത്തിക്കുകയാണെന്ന് മന്ത്രിമാർ അവകാശപ്പെട്ടു. പുതിയ വകഭേദങ്ങൾക്കിടയിലും ആളുകളെ സംരക്ഷിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ കൈകൊള്ളുന്നതും തുടരുന്നതും പ്രധാനമാണ്.