ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 19 കാരി മരിച്ചു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. ലിവര്‍പൂള്‍ ബാള്‍ട്ടിക് ട്രയാംഗിളിലെ ഗ്രീന്‍ലാന്‍ഡ് സ്ട്രീറ്റിലുള്ള ഹാംഗര്‍ 34 ക്ലബ്ബില്‍ നിന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി സംശയമുണ്ട്. ആദ്യം കുട്ടിയുടെ അവസ്ഥ ഗുരുതരം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് പെണ്‍കുട്ടി മരിച്ചുവെന്ന് മെഴ്‌സിസൈഡ് പോലീസ് സ്ഥിരീകരിച്ചതായി ലിവര്‍പൂള്‍ എക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചക്കു ശേഷമാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും കൊറോണര്‍ക്കു വേണ്ടിയുള്ള ഫയലുകള്‍ തയ്യാറാക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹാംഗര്‍ 34 ക്ലബ് പക്ഷേ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പുലര്‍ച്ചെ 2.30നാണ് ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് ക്ലബ് അറിയിച്ചതെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന അതേ മയക്കുമരുന്ന് ഉപയോഗിച്ച മറ്റൊരാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. ഈ മരുന്ന് ഉപയോഗിച്ച ആരെങ്കിലും ഗുരുതരാവസ്ഥയിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ലോക്കല്‍ ആശുപത്രികളിലും ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും മറ്റും ഇതിനായി അന്വേഷണങ്ങള്‍ നടന്നു വരികയാണ്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവര്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.