ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രോഗികൾക്ക് ജി പി മാരിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ ഹൗസ് ഓഫ് കോമൺസ് ഹെൽത്ത് കമ്മിറ്റി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. ഓരോ പ്രാവശ്യവും ഒരു മുൻ പരിചയവും ഇല്ലാത്ത ഊബർ ഡ്രൈവർമാരുടെ സേവനം പോലെയാണ് രോഗികൾക്ക് കിട്ടുന്ന ഡോക്ടർമാരുടെ സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി . ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ വന്ന വീഴ്ചയാണ് ജി പി പേഷ്യന്റ് ബന്ധങ്ങളിൽ ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ .
പരിചയസമ്പന്നരായ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുറവ് എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് തള്ളി വിട്ടിരിക്കുന്നത്. പലർക്കും അപ്പോയിൻമെന്റുകൾ ലഭിക്കുന്നത് നീണ്ട കാത്തിരിപ്പിന് ശേഷമാണ്. ജീവനക്കാരുടെ അഭാവം മൂലം അവസാന നിമിഷം അപ്പോയിൻമെന്റുകൾ റദ്ദാക്കുന്ന സംഭവവും വർധിച്ചു വരുകയാണ്.
യഥാസമയത്ത് ജിപിയുടെ സേവനം ലഭിക്കുന്നത് രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ആളുകളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലാണ് കമ്മറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 6000 പുതിയ ജി പി മാരെ റിക്രൂട്ട് ചെയ്യാനുള്ള സർക്കാരിൻറെ നീക്കം ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.
Leave a Reply