ലണ്ടന്‍: ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരെ ലൈംഗിക പീഡനത്തിന് ബ്രിട്ടനിലും അന്വേഷണം. 2010, 2011, 2015 എന്നീ വര്‍ഷങ്ങളില്‍ ഇയാള്‍ ഒരു സ്ത്രീയെ ലെംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 1980ല്‍ ലണ്ടനില്‍വെച്ച് ഹാര്‍വി തന്നെ പീഡിപ്പിച്ചുവെന്ന് നടി ലിസറ്റ് ആന്റണി വെളിപ്പെടുത്തിയിരുന്നു. മെഴ്‌സിസൈഡ് പോലീസ് മെറ്റ് പോലീസിന് കൈമാറിയ കേസുകള്‍ ന്യൂയോര്‍ക്ക് പോലീസുമായി ചേര്‍ന്ന് അന്വേഷിക്കാനാണ് തീരുമാനമെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു.

2010ലും 2011ലും വെസ്റ്റ്മിന്‍സ്റ്ററില്‍ വെച്ചും 2015ല്‍ കാംഡെനില്‍ വെച്ചും ഇയാള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതായാണ് കേസ്. മെറ്റ് പോലീസിന്റെ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിനാണ് കേസുകളുടെ അന്വേഷണച്ചുമതല. ഞായറാഴ്ച ഇയാള്‍ക്കെതിരെ രണ്ട് ആരോപണങ്ങള്‍ യുകെയില്‍ ഉയര്‍ന്നിരുന്നു. ലിസറ്റ് ആന്റണിയെക്കൂടാതെ സാറാ സ്മിത്ത് എന്ന അപരനാമത്തില്‍ മുന്‍ മിരാമാക്‌സ് ജീവനക്കാരിയും വെയ്ന്‍സ്റ്റെയിനെതിരെ രംഗത്തെത്തി.

സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ലിസറ്റ് ആന്റണി വെയ്ന്‍സ്റ്റെയിനെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ വീട്ടീല്‍വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് ലിസറ്റ് പറയുന്നു. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിനു പിന്നാലെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുംബൈയില്‍ എത്തിയ ഇയാള്‍ ഐശ്വര്യ റായിയെ ലക്ഷ്യം വെച്ചെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.