കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആയ തോട്ടടി പാലത്തിൻ്റെ കൈവരികൾ ഒരു മാസത്തിനകം പുനസ്ഥാപിക്കപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിട്ടത്. തകർന്ന കൈവരികളോട് കൂടിയ പാലത്തിൻ്റെ ചിത്രങ്ങൾ, മാധ്യമങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചത്. കൂടാതെ പാലം അപകടാവസ്ഥയിലാണെങ്കിൽ ആയത് പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ കാലത്താമസം വരുത്തുന്നത് നിർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കുവാൻ ആഗസ്റ്റ് 4 ന് ഉത്തരവിട്ടു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ നിലവിൽ പൂർണ്ണമായും തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.പാലം ബലക്ഷയമെന്നും മിനിലോറി,ടെമ്പോവാൻ എന്നിവ പാലത്തിൽ കയറ്റുന്നത് നിരോധിച്ചു കൊണ്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേയ്ക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്. പഴയപാലം പൊളിച്ച് കളഞ്ഞ് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം 2019 -ൽ നല്കിയിരുന്നു.നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് പരിശോധിച്ചതായും പ്രസ്തുത പാലം പൊതുമരാമത്ത് വകുപ്പിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത പാലമാണെന്നും ചീഫ് എഞ്ചിനിയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്കിയിരുന്നു.

എന്നാൽ പുതിയ പാലം നിർമ്മിക്കുന്നതുവരെ തകർന്ന് കിടക്കുന്ന കൈവരികൾ നന്നാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയിൽ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2020 ഒക്ടോബർ 20ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിൽ ‘പാലത്തിൻ്റെ കാലപഴക്കത്തെ സംബന്ധിച്ച് യാതൊരു രേഖകളും ഈ ഓഫിസിൽ ഇല്ലെന്നും പാലത്തിൽ ഭാരമുള്ള വാഹനങ്ങളും ലോറികളും കയറ്റരുതെന്ന് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ‘ ആണ്. എന്നാൽ 2020 ഡിസംബർ 30 നും , 2021 മെയ് 7നും പരാതിക്കാരനായ ഡോ.ജോൺസൺ വി. ഇടിക്കുളയോട് പ്രസ്തുത പാലം തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ആസ്തിയിലാവും ഉൾപ്പെട്ടിട്ടുണ്ടാവുക എന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറും അറിയിച്ചു. പുതിയ പാലത്തിന് 8 കോടി രൂപ ആവശ്യമുണ്ടെന്നും ‪2020-2021‬ ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ലയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ആണ് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനും ജൂലൈ 27ന് നിവേദനം നല്കിയത്.