ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
മൊറോക്കോ:- ശരീരം മുഴുവൻ വരിഞ്ഞു ചുറ്റിയ പ്ലാസ്റ്റിക് ബോട്ടിലുകളുമായി മെഡിറ്ററേനിയൻ കടലിൽ നിന്നും നിലവിളിക്കുന്ന 16 വയസ്സുകാരന്റെ ചിത്രം ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൊറോക്കോയിൽ നിന്നും സ്പെയിനിലെ സിയുട്ടയിലേക്ക് നീന്തിയെത്തിയ പതിനാറ് വയസ്സുകാരനായ അഷ്റഫ് സബിർ , തങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ എന്ന് സ്പെയിനിലെ പട്ടാളക്കാരോട് യാചിക്കുന്ന ചിത്രമാണ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത്. സുരക്ഷാ മാർഗ്ഗങ്ങൾ ലംഘിച്ച് മൊറോക്കോയിൽ നിന്നും യൂറോപ്പിലേക്ക് എത്തിയ എണ്ണായിരത്തോളം അഭയാർത്ഥികളിൽ ഒരാളാണ് അഷ്റഫ്. 24 മണിക്കൂറിൽ സ്പെയിനിൽ എത്താനുള്ള തന്റെ മൂന്നാമത്തെ പരിശ്രമമായിരുന്നു ഇതെന്ന് അഷ്റഫ് വെളിപ്പെടുത്തുന്നു. എന്നാൽ തിരിച്ചയക്കപ്പെടുമ്പോൾ അഷറഫിന്റെ കണ്ണുകളിൽ കണ്ട നിസ്സഹായാവസ്ഥയാണ് ഒട്ടുമിക്ക അഭയാർഥികളുടെയും അവസ്ഥ.
യൂറോപ്പിലേക്കുള്ള ബോർഡർ തുറന്നു എന്ന് ആരോ പറഞ്ഞ് അറിഞ്ഞതിനെ തുടർന്നാണ് താൻ വീണ്ടും പരിശ്രമിച്ചതെന്ന് അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും അഷ്‌റഫ് സ്പെയിനിൽ എത്താൻ പരിശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു രാത്രി ഡിറ്റൻഷെൻ സെന്ററിൽ പാർപ്പിച്ച ശേഷം അഷ്റഫിനെ തിരിച്ചയക്കുകയായിരുന്നു.
പ്രസവിച്ച ശേഷം മൂന്നാമത്തെ ദിവസം അഷ്‌റഫിനെ അമ്മ ഉപേക്ഷിച്ചു. വിവാഹം കഴിക്കാതെ പതിനാറാമത്തെ വയസിലാണ് അവർ അഷ്‌റഫിനു ജന്മം നൽകിയത്. ഇത്തരമൊരു അവസ്ഥ മൊറൊക്കോയിൽ അംഗീകരിക്കാൻ പറ്റാത്തതിന്നാൽ അവർ അഷ്‌റഫിനെ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വേറൊരു സ്ത്രീയുടെ സംരക്ഷണയിലായിരുന്നുവെങ്കിലും അവരും മരണപ്പെട്ടു. പിന്നീട് മിലുത ഗുലാമി എന്ന സ്ത്രീയോടൊപ്പം ആയിരുന്നു അഷ്‌റഫ് വളർന്നത്. അഷ്‌റഫിനെ കാണാതായതിനെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. നാലുമാസത്തോളം തെരുവിലാണ് കഴിഞ്ഞതെന്ന് അഷ്‌റഫ് വെളിപ്പെടുത്തി. ജീവിതത്തിൽ തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും പണം സമ്പാദിക്കുവാനും ആയാണ് യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാൻ തീരുമാനിച്ചത്. അഷ്റഫിനെ പോലെ സാഹചര്യമുള്ള നിരവധി പേരാണ് മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കുടിയേറ്റം നടത്തുന്നത്. എന്നാൽ ഇവരിൽ ചിലർ മാത്രമാണ് വിജയകരമായി സ്പെയിനിൽ എത്തുന്നത്.
Leave a Reply