ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യയിലെ തക്കാളിയുടെ ഉയർന്ന വില. ഇന്ത്യൻ വീടുകളിലെ നിത്യോപയോഗ സാധനമായ തക്കാളിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയായി കുത്തനെ ഉയരുകയാണ്. നിലവിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കിലോയ്ക്ക് ഏകദേശം 200 രൂപ (£2; $3) ആണ് തക്കാളിയുടെ വില. കിലോയ്ക്ക് 40-50 രൂപയിൽ നിന്നാണ് കുത്തനെ ഉള്ള ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. തക്കാളിയുടെ വിലക്കയറ്റം മൂലം വിൽപനക്കാർ സംരക്ഷണം നൽകാൻ ആളുകളെ ഏർപ്പെടുത്തുക പോലും ചെയ്ത സംഭവം ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇതിന് പിന്നാലെ പ്രമുഖ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാൾഡ്സ് ഇന്ത്യയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലെ ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലെയും മെനുവിൽ നിന്ന് തക്കാളി എടുത്ത് മാറ്റിയതായി അറിയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇടത്തരം, താഴ്ന്ന വിഭാഗങ്ങളിൽ പെട്ടവരാണ് അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന വിലകൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൂനെയിൽ, 250 ഗ്രാം തക്കാളിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിൽ ഒരു പച്ചക്കറി വിൽപ്പനക്കാരൻ ഒരു ഉപഭോക്താവിന്റെ മുഖത്ത് വെയ്റ്റിംഗ് സ്കെയിൽ കൊണ്ട് അടിച്ച സംഭവം വരെ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരമായ വാരണാസിയിൽ വിൽപ്പനക്കാരൻ തന്റെ കടയിൽ തക്കാളിയുടെ വിലയെച്ചൊല്ലി ആളുകൾ വിലപേശുന്നത് തടയാൻ തടയാൻ രണ്ട് സുരക്ഷാ ജീവനക്കാരെ വാടകയ്‌ക്കയ്‌ക്കെടുത്തത് വൻ വാർത്താ ശ്രദ്ധ നേടിയിരുന്നു. ആളുകൾ വയലുകളിൽ നിന്ന് തക്കാളി മോഷ്ടിക്കുകയും തക്കാളി കയറ്റിയ ട്രക്കുകൾ തട്ടിയെടുക്കുകയും ചെയ്യുന്നതായുമുള്ള റിപ്പോർട്ടുകളുമുണ്ട്. മോശം കാലാവസ്ഥ വിളകളുടെ നാശനഷ്ടത്തിന് കാരണമായെന്നും കുതിച്ചുയരുന്ന വില ‘താത്കാലിക പ്രശ്‌നമാണ്’ എന്നും വരും മാസങ്ങളിൽ വില കുറയുമെന്നും സർക്കാർ അറിയിച്ചു.