വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് (ഡിഎസ്ടി) കോണ്‍വെന്റ് അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോണ്‍വെന്റിനു പിന്നിലുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കിംവദന്തികൾ പരത്തരുതെന്ന് കോണ്ഗ്രിഗേഷൻ പിആർഒ സിസ്റ്റർ ജ്യോതി മരിയ അഭ്യർഥിച്ചു.
ഉജ്ജൈയിൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സിസ്റ്റർ ജെസീന സേവനം ചെയ്തിരുന്നു. 2004 ഓഗസ്റ്റ് 21ന് ഉജ്ജൈനിലെ ഡിഎസ്ടി പ്രൊവിൻഷ്യൽ ഹൗസിൽനിന്ന് ഇന്റേണല്‍ ഓഡിറ്റിംഗിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറന്പിലിനെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ് കാത്തുനിൽക്കവെ അമിത വേഗത്തിൽവന്ന വാഹനം സിസ്റ്റർ സിജിയെ ഇടിച്ചുതെറിപ്പിച്ചു. സിസ്റ്റർ സിജി തൽക്ഷണം മരിച്ചു. ഈ സംഭവത്തിനു ദൃക്സാക്ഷിയായ സിസ്റ്റർ ജെസീന പിന്നീട് മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ജെസീനയ്ക്ക് ഉജ്ജൈനിൽ ചികിത്സ നൽകിയിരുന്നു. കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്കു കൊണ്ടുവന്നു.
കഴിഞ്ഞ പത്തു വർഷമായി സിസ്റ്റർ ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു.2019 നവംബറിലാണു സിസ്റ്റർ ജെസീന വാഴക്കാല ഇടവകയിലുള്ള ഡിഎസ്ടി കോണ്‍വെന്റിലേക്ക് ചികിത്സാർഥം ട്രാൻസ്ഫറായി വന്നത്. ലോക്ക്ഡൗണ്‍ കാലത്ത് സിസ്റ്റർ ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും ഡോക്ടറോടു നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായും സിസ്റ്റര്‍ ജ്യോതി മരിയ പറഞ്ഞു.
ഇതിനിടെ സിസ്റ്റർ ജെസീന മുങ്ങിമരിച്ചതാണെന്ന വിവരമാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്നു പോലീസ് അറിയിച്ചു. മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.
Leave a Reply