ലോസാഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഈ ഇന്ത്യൻ കുടുംബം.   ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു വരുമ്പോഴാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഒരു കാറപകടത്തിന്റെ രൂപത്തിൽ എത്തിയത്. 35 മൈൽ സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലത്ത് 70–80 വേഗത്തിൽ എത്തിയ എസ്‌യുവി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയി ആണ് നിന്നത്. ഉടൻ തന്നെ സമീപ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്ക് ശേഷം മകൻ അർജിത്ത് (14) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയോടെ പതിനാറു വയസ്സുള്ള മകൾ അക്‌ഷിതയും.

പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത. അടുത്ത വർഷം അമേരിക്കയിലെ പ്രശസ്തമായ ഐവി ലിഗ് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും പാഠ്യേതര വിഷയങ്ങളിലും സമർഥരായിരുന്നു. അക്‌ഷിത നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‍നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്തകൾ നൽകി.

ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന 20 വയസ്സുള്ള യുവതി നരഹത്യക്ക് അറസ്റ്റിലായി.കുടുംബം തങ്ങളുടെ അമേരിക്കൻ സ്വപ്നത്തിന് അനുസരിച്ചാണ് ജീവിച്ചു വന്നത്. പിതാവ് രാമചന്ദ റെഡ്ഡിക്ക് പതിനാറുവർഷത്തിനുശേഷം ഗ്രീൻ കാർഡ് ലഭിച്ചു. ഈ വർഷം വീട് വാങ്ങി. മക്കൾ പഠനത്തിൽ സമർഥർ, മാതാവ് രജിനി റെഡ്ഡി തെലുഗു അസോസിയേഷനിൽ പ്രവർത്തക തുടങ്ങി ഒരു ശരാശരി പ്രവാസിയുടെ മാതൃകാ ജീവിതം. തെലങ്കാന സംസ്ഥാനത്തിലെ ജാൻഗുൺ ജില്ലക്കാരാണ് ഇരുവരും. കുട്ടികളുടെ സംസ്ക്കാരം പിന്നീട്.